റിയാദ് - കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കാര്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചതായി റിയാദ് നഗരസഭ അറിയിച്ചു. 'വമീദ് അല്‍റിയാദു'മായി സഹകരിച്ചാണ് കാറുകളിലിരുന്ന് സിനിമകള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന കാര്‍ സിനിമാ പ്രദര്‍ശനം റിയാദ് നഗരസഭ നടത്തുന്നത്. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ വരെ പ്രദര്‍ശനമുണ്ട്.
രണ്ടു കാര്‍ സിനിമാ തിയേറ്ററുകളിലെ കൂറ്റന്‍ സ്‌ക്രീനുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ തിയേറ്ററിലും 95 പാര്‍ക്കിംഗുകള്‍ വീതമുണ്ട്. വാരാന്ത്യങ്ങളില്‍ ദിവസേന എട്ടു പ്രദര്‍ശനങ്ങള്‍ വരെ കാര്‍ സിനിമാ തിയേറ്ററുകളിലുണ്ടാകും. എഫ്.എം ഫ്രീക്വന്‍സിയില്‍ കാറുകള്‍ക്കകത്തെ ശബ്ദ സംവിധാനവുമായി ബന്ധിപ്പിച്ചാണ് സിനിമാ പ്രേമികള്‍ക്ക് നൂതനമായ സിനിമാനുഭവം സമ്മാനിക്കുന്നത്. മൂവിസിനിമാസ് ആണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
കാര്‍ സിനിമാ തിയേറ്ററുകളില്‍ നിര്‍ത്തിയിട്ട ഫുഡ് കാര്‍ട്ടുകളും മൊബൈല്‍ ഫുഡ് കാര്‍ട്ടുകളും വഴി സിനിമാ പ്രേമികള്‍ക്ക് ഭക്ഷണ, പാനീയങ്ങള്‍ വിതരണം ചെയ്യും. ഭക്ഷണ, പാനീയങ്ങളുടെ വിതരണ ചുമതല സ്വകാര്യ കമ്പനിയെ ഏല്‍പിച്ചിട്ടുണ്ട്. കാര്‍ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും ബാധകമാക്കും. റിയാദിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നുമായുള്ള പങ്കാളിത്തത്തോടെ കാര്‍ സിനിമാ തിയേറ്ററുകളില്‍ മെഡിക്കല്‍ സെന്റര്‍ സേവനവും ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് നഗരസഭ പറഞ്ഞു.