Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കത്തുകൾ, തുറന്നതും അടച്ചതും

മകൾക്ക് കത്തുകളയച്ച് പേരെടുത്ത ഒരാളെ നമുക്കറിയാം. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ അവ പ്രശസ്തമായ കത്തുകളായി. പ്രശസ്തമാകണമെങ്കിൽ തുറന്ന കത്തുകളാകണമല്ലോ. അച്ഛൻ നെഹ്‌റുവിനെയും മകൾ ഇന്ദിരയെയും ഇന്ത്യക്കു പരിചയപ്പെടുത്തുന്നതിൽ ആ കത്തുകളും ഉണ്ടായിരുന്നു. ലോകസംസ്‌ക്കാരത്തിന്റെ ചരിത്രം ഇന്ദിരയുടെ തലമുറ അവർക്കുവേണ്ടി എഴുതപ്പെട്ട ആ കത്തുകളിൽനിന്നു മനസ്സിലാക്കി. 

വിചാരണയും വിധിയുമായി കഴിയുന്ന ന്യായാധിപന്മാർ ഒരു നാൾ പത്രസമ്മേളനത്തിനിറങ്ങിയാൽ വാദികളും പ്രതികളും ഞെട്ടിപ്പോകും. വാദിക്കും പ്രതിക്കുമപ്പുറം ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്നതാണ് പത്രസമ്മേളനം. അതിനെക്കാൾ നന്നേ കുറഞ്ഞ ഒരു കൂട്ടരെ, ഒരു സ്ഥാപനത്തെയോ ഏതാനും ആളുകളെയോ, നോട്ടമിട്ടയക്കുന്നത് കത്ത്.  തുറന്ന കത്താകട്ടെ, വിലാസക്കാരനു കിട്ടുന്നതിനു മുമ്പ് വേറെ ആരെങ്കിലും വായിച്ചാൽ കൊള്ളാമെന്ന് താൽപര്യപ്പെടുന്നു.  താൽപര്യം പുറത്തു പറയില്ല. പറയേണ്ടല്ലോ, കത്ത് തുറന്നിട്ടിരിക്കുമ്പോൾ.  
നമ്മുടെ അറിവിൽ ഏറ്റവും ഒടുവിൽ തുറന്ന കത്ത് അയച്ചിട്ടുള്ളത് സുപ്രീം കോടതിയിൽനിന്ന് പിരിഞ്ഞുപോയ നാലു പേരാണ്.  ഈ നാലിന് സംഖ്യാശാസ്ത്രത്തിൽ വിശേഷിച്ച് വല്ല ശക്തിയുമുണ്ടോ ആവോ? അവർക്കു മുമ്പ് മുഖ്യ ന്യായാധിപനെ കൂട്ടിൽ കയറ്റിക്കൊണ്ട് പത്രസമ്മേളനം നടത്തി പേരെടുത്തവരും വേറൊരു നാൽവർ തന്നെ.  തുറന്ന കത്ത് അയച്ചവരിൽ മുമ്പനാണ് പി ബി സാവന്ത്. കെ. രാമസ്വാമി എന്ന ന്യായാധിപനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമത്തിൽ ഒരു വഴിത്തിരിവിൽ വെളിച്ചം കാട്ടിയത് അദ്ദേഹമായിരുന്നു. ഇംപീച്ച് ചെയ്യാൻ വഹയുണ്ടെന്ന് സാവന്തും വേറെ മൂന്നു പേരും കൂടി അഭിപ്രായപ്പെട്ടതോടെ അതിനുള്ള നടപടി തുടങ്ങി.  രാമസ്വാമിയുടെ ഭാഗം വാദിക്കാൻ അഭിഭാഷകന്റെ വേഷവും ഭാഷയുമായി കപിൽ സിബൽ എത്തി.  പാർലമെന്റിലെ വിചാരണക്കു ശേഷം രാമസ്വാമി ശിക്ഷിക്കപ്പെട്ടില്ല എന്നത് രാഷ്ട്രീയേതിഹാസം.  
തുറന്ന കത്തിന്റെ ഉപജ്ഞാതാവ് ജസ്റ്റിസ് സാവന്ത് അല്ല.  അതാരെന്നോ അല്ലെന്നോ, ഉപനിഷത്തിലെ നാസദീയസൂക്തത്തിൽ പറയുമ്പോലെ, ആകാശത്തിൽ അധ്യക്ഷനായിരിക്കുന്ന കക്ഷിക്ക് അറിയാമായിരിക്കും; അല്ലെങ്കിൽ അയാൾക്കും അറിയുമായിരിക്കില്ല.  അത്രമേൽ അവഗാഢവും അജ്ഞാതവുമാണ് തുറന്ന കത്തിന്റെ ഉറവിടം.  സാവന്തിനെയൊക്കെ അതിശയിപ്പിക്കുന്ന മട്ടിൽ തുറന്ന കത്തുകൾ എഴുതി വിട്ടിരുന്നു പൗലോസ് പുണ്യാളൻ.  മൂപ്പർ പലർക്കായി പടച്ചയച്ച കത്തുകളാണ് പഴയ നിയമത്തിൽ നല്ലൊരു ഭാഗവും.  റോമക്കാർക്കയച്ച കത്ത് തന്നെ ഒരു കൊച്ചു പുസ്തകമായിരുന്നു.  അധ്യായം പതിനാറ്.  റോമക്കാരല്ലാത്തവരും അത് വായിക്കണമെന്ന് പൗലോസിന് നിർബ്ബന്ധമുണ്ടായിരുന്നതുകൊണ്ട് ഫലത്തിൽ ഒരു തുറന്ന കത്ത് രൂപം കൊണ്ടു.  
ഈ അന്വേഷണം യേശു ക്രിസ്തുവിനു മുന്നോട്ടു പോകട്ടെ.  പൗലോസിനെന്നല്ല, യേശുവിനെന്നല്ല, വ്യാസനും  മുന്നോട്ട് കാലം എത്ര നീട്ടാമോ അത്രയും നീട്ടി അവിടെയെങ്ങാനും നമുക്ക് പ്രതിഷ്ഠിക്കാം ശകുന്തളയെ. കാളിദാസന്റെ ശകുന്തളയോളം പ്രഖ്യാതയല്ലെങ്കിലും വ്യാസൻ അവതരിപ്പിച്ച ശകുന്തളയും  പ്രണയപരവശയായിരുന്നു.  പ്രണയപരവശനോ പരവശയോ ആയിപ്പോയാൽ പിന്നെ ഒരാൾ മാത്രം വായിക്കാൻ വേണ്ടി പ്രണയപത്രം എഴുതുകയായി.  ഒരു പ്രണയപത്രമെങ്കിലും എഴുതാതെ കടന്നുപോയ ഒരു പുഷ്‌ക്കലയൗവനവും കാണില്ല. ഞാൻ പോലും ഒരിടക്ക് എഴുതിവിട്ടിരുന്ന  പത്രം കുട്ടികൾ കണ്ടെത്തി ഉറക്കെ വായിച്ച് എന്നെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. ഇനി എന്നെങ്കിലും ആരെങ്കിലും പ്രേമപത്രവും തുറന്നതായിരിക്കണമെന്ന് ശഠിക്കുമോ എന്തോ?
സാവന്ത് എഴുതിയ തുറന്ന കത്ത് കംപ്യ്യൂട്ടറിൽ രൂപം കൊണ്ട നിയമത്തിന്റെ അക്ഷരജാലമായിരിക്കും.  എന്റെ പ്രേമവായ്പും വസന്തചിന്തയും കടലാസും മഷിയും പേനയുമുപയോഗിച്ചുള്ളതായിരുന്നു.  തപാൽക്കൂലി മുതലാക്കാനോ തള്ളിവരുന്ന വികാരം മുഴുവൻ ഇറക്കിവെക്കാനോ വേണ്ടി കിട്ടിയ ഇടം മുഴുവൻ എഴുതി നിറക്കുമായിരുന്നു.  ശകുന്തളയുടെ ശൈലി മറ്റൊന്നായിരുന്നു.  വയലാറിനെ വിശ്വസിക്കാമെങ്കിൽ, 'പ്രണയലേഖനം എങ്ങനെ എഴുതണം' എന്നായിരുന്നു എപ്പോഴും മുനികുമാരിയുടെ വേവലാതി. എഴുതാൻ ഉപയോഗിച്ചിരുന്നത്, സംശയമില്ല, ഭൂർജ്ജപത്രമായിരുന്നു. ചിലപ്പോൾ ഉണങ്ങിയ താമരയിലയിലും മനസ്സ് പരത്തിയിരിക്കും.  എന്തായാലും, മാർക്‌സ് എന്തു പറഞ്ഞാലും, ഉൽപാദനോപകരണങ്ങൾ പഴകിയാലും മാറിയാലും, പ്രേമം എന്ന ഉൽപന്നവും അതു വഴി ഉണ്ടാകുന്ന വർഗബന്ധവും പൊളിയുകയോ പാളുകയോ ചെയ്യില്ല. 
പതിനെട്ടാം നൂറ്റാണ്ടിൽ ചെസ്റ്റർഫീൽഡ് പ്രഭു മകനുവേണ്ടി എഴുതിയ കത്തുകൾ സാഹിത്യം എന്ന നിലയ്ക്ക് തന്നെ  പ്രസിദ്ധമായി.  തുറന്നതെന്ന് അന്നദ്ദേഹം തന്റെ കത്തുകളെ വിശേഷിപ്പിച്ചില്ലെങ്കിലും, ചെസ്റ്റർഫീൽഡിന്റെ വായനക്കാർക്കറിയാമായിരുന്നു അവരിലോരോരുത്തർക്കും വേണ്ടിയുള്ളതായിരുന്നു അതെന്ന്. 
'ലോകപൗരനാകാനുള്ള സുന്ദരകല' ശീലിക്കാൻ ആർ ഇഷ്ടപ്പെടില്ല?  മര്യാദയും ആചാരവും പുലർത്തി ലോകത്തിന്റെ മാനം എങ്ങനെ നേടാം എന്നതായിരുന്നു അച്ഛൻ മകനു നൽകിയ പാഠം. പല പ്രയോഗങ്ങളും പദാവലികളും ചെസ്റ്റർഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഉദാഹരണമായി, 'അൽപജ്ഞാനം ആപത്താകുന്നു' എന്ന വചനം. ആ കത്തിന്റെ വിലാസക്കാരനായ മകൻ അറിവു നേടുകയോ മികവ് തെളിയിക്കുകയോ ചെയ്‌തെന്ന അന്വേഷണം കൗതുകം ഉണർത്തും.
മകൾക്ക് കത്തുകളയച്ച് പേരെടുത്ത ഒരാളെ നമുക്കറിയാം. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ അവ പ്രശസ്തമായ കത്തുകളായി.  പ്രശസ്തമാകണമെങ്കിൽ തുറന്ന കത്തുകളാകണമല്ലോ.  അച്ഛൻ നെഹ്‌റുവിനെയും മകൾ ഇന്ദിരയെയും ഇന്ത്യക്കു പരിചയപ്പെടുത്തുന്നതിൽ ആ കത്തുകളും ഉണ്ടായിരുന്നു.  ലോകസംസ്‌ക്കാരത്തിന്റെ ചരിത്രം ഇന്ദിരയുടെ തലമുറ അവർക്കുവേണ്ടി എഴുതപ്പെട്ട ആ കത്തുകളിൽനിന്നു മനസ്സിലാക്കി. 
ഇന്ദിരയുടെ വിശ്വസ്തനായി വളർന്നു വന്ന ഒരു നേതാവായിരുന്നു അർജുൻ സിംഗ്.  രാജിവ് ഗാന്ധിയുടെ വധത്തിനുശേഷം കോൺഗ്രസിന്റെ നേതൃസ്ഥാനവും പ്രധാനമന്ത്രിപദവും ഒഴിവു വന്നപ്പോൾ അതു നികത്താൻ തയ്യാറായവരിൽ അദ്ദേഹവുമുണ്ടായിരുന്നു.  പക്ഷേ രാഷ്ട്രീയത്തിന്റെ പകിട മറിയുകയും തിരിമറിയുകയും ചെയ്തപ്പോൾ ഗുണം കിട്ടിയത് നരസിംഹ റാവിനായി.  വില്ലും അന്പും ഏന്താനും ഗീത ചൊല്ലാനും തന്നോളം വിരുത് വേറെ ആർക്കും ഇല്ലെന്നായിരുന്നു അർജ്ജുനന്റെ ധാരണ.  അതു ഫലിക്കാതെ വന്നപ്പോൾ വിഷാദമായി.  ആ വിഷാദം നരസിംഹ റാവുവിനുള്ള കത്തുകളായി പൊട്ടിത്തെറിച്ചു.  വാസ്തവത്തിൽ വിലാസക്കാരനായ റാവുവിനെക്കാളേറെ മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ചുള്ളവയായിരുന്നു അവ. നാലു വീട് അപ്പുറത്ത് താമസിക്കുന്ന റാവുവിനുള്ള കത്ത് മുദ്ര വെച്ച് ശിപായി വഴി കൊടുത്തുവിടുകയേ വേണ്ടിയിരുന്നുള്ളു.  പക്ഷേ പത്രത്തിൽ വരാൻ അതു പോരല്ലോ. അതുകൊണ്ട് അദ്ദേഹം തരം കിട്ടുന്‌പോഴൊക്കെ തുറന്ന കത്തുകൾ എഴുതിക്കൊണ്ടിരുന്നു.  
കോൺഗ്രസിന്റെ ഉള്ളിലെ വെട്ടുകളിലും കുതികാൽ വെട്ടുകളിലും ഏതാണ്ട് ഒതുങ്ങിപ്പോയിരുന്ന ആചാര്യ കൃപലാനി ഒരിടക്ക് കത്തെഴുത്തിലേക്ക് തിരിഞ്ഞു. അപ്പപ്പോൾ പറയാൻ തോന്നുന്ന കാര്യങ്ങൾ അദ്ദേഹം പത്രാധിപർക്കുള്ള കത്തുകളാക്കി.  മുഖ്യമായും സ്‌റ്റേറ്റ്‌സ്മാൻ, ടൈംസ് ഒഫ് ഇൻഡ്യ എന്നീ പത്രങ്ങളിലായിരുന്നു വായനക്കാരുടെ കത്തുകൾ എന്ന പംക്തിയിൽ കൃപലാനിയുടെ നീണ്ട കത്തുകൾ വന്നിരുന്നത്.  പ്രസ്താവനയായോ പത്രസമ്മേളനം വഴിയോ കൊടുത്താൽ വാർത്തയായി അച്ചടിച്ചേക്കില്ലെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. മുഖ്യമന്ത്രിയുടെ വാർത്ത അച്ചടിക്കാത്തതിന്റെ പേരിൽ പിണറായി വിജയൻ പരസ്യം കൊടുത്ത കാര്യം നമുക്കറിയാം.  അങ്ങനെ പരസ്യം കൊടുക്കാനുള്ള പണം കൃപലാനിക്കുണ്ടായിരുന്നില്ല.  എന്നാൽ എന്തിനും ഒരു വിപരീതദർശനം ആവാമല്ലോ.  പത്രാധിപർക്കുള്ള കത്തുകൾ കൂടെക്കൂടെ കണ്ടപ്പോൾ, എന്നും കൃപലാനിയെ കളിയാക്കിയിരുന്ന ഇടതുപക്ഷ എഡിറ്റർ എടത്തട്ട നാരായണൻ കൃപലാനിക്ക് തന്റെ പരിഹാസപംക്തിയിൽ പുതിയ ഒരു വകുപ്പ് ഏൽപിച്ചു:  പത്രാധിപർക്കുള്ള കത്തുകളുടെ വകുപ്പുള്ള മന്ത്രി! ചെറിയ കാര്യമല്ല. പ്രഫുൽ ഗോരാഡിയ എന്ന ഒരു കത്തെഴുത്തുകാരൻ താൻ പത്രാധിപർക്കയച്ച കത്തുകളുടെ ഒരു സമാഹാരം തന്നെ പുറത്തിറക്കുകയുണ്ടായി.   
വെണ്മണി പ്രസ്ഥാനത്തിന്റെ കാലത്ത് മലയാളത്തിൽ കത്തുകളുടെ വേറിട്ടൊരു വഴി തന്നെ തുറക്കുകയുണ്ടായി.  പദ്യം എളുപ്പത്തിൽ വഴങ്ങിയിരുന്നവരാണ് അന്നത്തെ രസികന്മാർ. ഓർത്തെടുക്കാനും കവിത കെട്ടാനും മനുഷ്യസാധാരണമല്ലാത്ത വിരുത് കാട്ടിയവരായിരുന്നു കുഞ്ഞിക്കുട്ടൻ തമ്പുരാനും മറ്റും.  അതുകൊണ്ടാണല്ലോ നാലുകൊല്ലമെങ്കിലും തർജ്ജമക്ക് എടുക്കും എന്നു കരുതിയ മഹാഭാരതത്തിലെ ഒന്നേ കാൽ ലക്ഷം ശ്ലോകങ്ങൾ മുഴുവൻ രണ്ടര കൊല്ലം കൊണ്ട് മലയാളത്തിലാക്കാൻ പറ്റിയത്. 
പച്ച വെള്ളം പോലെ അവർ കവിത എഴുതി.  സംസാരം മുഴുവൻ വേണമെങ്കിൽ പദ്യത്തിലാകാമായിരുന്നു. ചൊല്ലിപ്പോകുന്നതെല്ലാം അവർ ഓർമ്മ വെക്കുകയും ചെയ്തു.  തമ്പുരാനും കൂട്ടാളികളും ഇടയ്ക്കും തലയ്ക്കും പദ്യത്തിൽ എഴുത്തുകുത്ത് നടത്തി. സ്വാഭാവികമായും അവർ അത് ഓർത്തിരിക്കുകയും അടുത്ത തലമുറക്കുവേണ്ടി തുറന്നു കൊടുക്കുകയും ചെയ്തുവല്ലോ.  അവരിൽ ശീവൊള്ളി നാരായണൻ നമ്പൂതിരി തന്റെ കത്തുകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയുമുണ്ടായി.  ആ ശീവൊള്ളി കത്തുകളിൽ ഒന്ന് ഇങ്ങനെ അവസാനിക്കുന്നു:
'....മറ്റെല്ലാം ശുഭം തന്നെയാണ് ഇല്ലത്തും സുഖം തന്നെ എന്നു പറയാം അമ്മാത്തും അമ്മാതിരി.' 
അതൊന്നു ചേർത്തു ചൊല്ലി നോക്കൂ. പദ്യം വാർക്കുന്ന തോത് എത്ര അനായാസമാണെന്ന് അപ്പോഴറിയാം.  കത്ത് തുറക്കുന്നതിന്റെ സൂത്രവും അത് തന്നെ.

Latest News