ന്യൂദല്‍ഹി- തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് 27കാരനായ യുവാവ് ഭാര്യയ്ക്കു നേരെ വെടിവച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതോടെ യുവതി ജീവനോടെ രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. പ്രതി മോഹിതും മോനിക്കയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് മോനിക്ക മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മോനിക്ക ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നു എന്ന പരാതിയുമായി സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പോലീസ് പറഞ്ഞ്. ഈ സമയം മോഹിത് മോനിക്കയുടെ വീട്ടിലായിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിയോടെ യുവതി രാജ് പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഭര്‍ത്താവിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് മോഹിതിനെ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വൈകുന്നേരത്തോടെ മാത്രമെ എത്താന്‍ കഴിയൂ എന്നായിരുന്നു മോഹിതിന്റെ മറുപടി. പിന്നീട് വൈകീട്ട് നാലു മണിയോടെ പോലീസിന് വീണ്ടും യുവതിയുടെ വിളിഎത്തി. ഭര്‍ത്താവ് തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും രക്ഷിക്കണണെന്നും ആവശ്യപ്പെട്ടായിരുന്നു വിളി. ഉടന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ തോക്കുമായി നില്‍ക്കുന്ന മോഹിതിനെയാണ് കണ്ടത്. ബലപ്രയോഗത്തിലൂടെ പോലീസ് സംഘം മോഹിതിനെ കീഴടക്കി പിടികൂടി.
പോലീസ് എത്തുന്നതിനു മുമ്പ് മോഹിത് തനിക്കു നേരെ വെടിവച്ചതായി മോനിക്ക പറഞ്ഞു. എന്നാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. തൊഴില്‍രഹിതനായി കഴിയുന്ന മോഹിതിന് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. എ.കോം വിദ്യാര്‍ത്ഥിനിയാണ് മോനിക്ക.