Sorry, you need to enable JavaScript to visit this website.

സൗഹാന്‍ എവിടെ? നാലാം ദിവസവും തെരച്ചില്‍ വിഫലം

അരീക്കോട്-പതിനഞ്ചുകാരനായ സൗഹാനെ കണ്ടെത്താനുള്ള വെറ്റിലപ്പാറ സ്വദേശികളുടെ തെരച്ചില്‍ നാലാംദിവസവും വിഫലമായി.വനമേഖലയോട് ചേര്‍ന്ന വീടിനടുത്ത് റബ്ബര്‍ തോട്ടത്തിലെത്തിയ കുരങ്ങനെ നോക്കി നില്‍ക്കുകയായിരുന്ന സൗഹാന്‍ ശനിയാഴ്ച രാവിലെയാണ് പൊടുന്നനെ അപ്രത്യക്ഷനായത്.കുരങ്ങിനെ പിന്തുടര്‍ന്ന് കാട്ടിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാരും പോലീസും സംശയിക്കുന്നത്. ഉള്‍വനത്തിനുള്ളില്‍ പെട്ടുപോയെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.
വെറ്റിലപ്പാറ ചൈരങ്ങാട് സ്വദേശി ഹസന്റെയും ഖദീജയുടെയും മകനായ മുഹമ്മദ് സൗഹാന്‍ ശാരീരിക വൈകല്യമുള്ള കുട്ടിയാണ്.കാട്ടിനുള്ളിലെത്തി തിരിച്ചുവരാന്‍ കഴിയാതെ കുടങ്ങിയതാണോയെന്നും അപായത്തില്‍ പെട്ടോ എന്നുമൊക്കെയുള്ള സംശയങ്ങളാണ് ഉയരുന്നത്.വലിയ പാറകളും മുള്‍കാടുകളും നിറഞ്ഞ വനം അപകടം പിടിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.
വെറ്റിലപ്പാറയില്‍ നിന്നെത്തിയ നാട്ടുകാരും ചൈരങ്ങാട് സ്വദേശികളുമടക്കം നൂറുകണക്കിന് പേര്‍ നാലു ദിവസമായി തെരച്ചില്‍ നടത്തുന്നതിന് രംഗത്തുണ്ട്.അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ട്രോമാകെയര്‍ വളണ്ടിയര്‍മാരും താലൂക്ക തല ദുരന്ത നിവാരണ സേനാംഗങ്ങളും തെരച്ചിലിനെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് എത്തിയും തെരച്ചില്‍ നടത്തി.
ശനിയാഴ്ച രാവിലെ സൗഹാന്‍ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ട്രൗസറും ടീഷര്‍ട്ടുമിട്ട് നില്‍ക്കുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു.റബ്ബര്‍ തോട്ടത്തിലെത്തിയ കുരങ്ങിനെ നോക്കി നില്‍ക്കുകയായിരുന്നു.എന്നാല്‍ ഏറെ നേരം കഴിഞ്ഞും കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്.തെരച്ചില്‍ ഇന്നും തുടരും.

 

Latest News