Sorry, you need to enable JavaScript to visit this website.

യുപിയിൽ വായ്പാ തിരിച്ചടവ് തെറ്റിച്ച കർഷകനെ സ്വകാര്യ ബാങ്കുകാർ ട്രാക്ടർ കയറ്റി കൊന്നു

ലഖ്‌നൗ- വായ്പ തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാനെത്തിയ സ്വകാര്യ ജപ്തി ഏജന്റുമാർ കർഷകനെ സ്വന്തം ട്രാക്ടർ കയറ്റിക്കൊലപ്പെടുത്തി. ട്രാക്ടർ പിടിച്ചെടുക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് 45കാരനായ ഗ്യാൻചന്ദ് കൊല്ലപ്പെട്ടത്. ഏജന്റുമാരുമായി വാക്കേറ്റമുണ്ടാകുകയും തർക്കം ദാരുണാന്ത്യത്തിൽ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ട്രാക്ടർ ഓടിച്ചു കൊണ്ടു പോകുന്നതിനിടെ ഒരു ജപ്തി ഏജന്റ് ഗ്യാൻചന്ദിന്റെ ശരീരത്തിലൂടെ കയറ്റുകയായിരുന്നെന്ന് സഹോദരൻ പറഞ്ഞു. 

ഡ്രൈവർ സീറ്റിൽ നിന്നും ഗ്യാൻചന്ദിനെ പുറത്തേക്ക് തള്ളിയിട്ടാണ് ജപ്തി ചെയ്യാനെത്തിയവർ ട്രാക്ടർ തട്ടിയെടുത്തത്. നിലത്തുവീണ ഗ്യാൻചന്ദിനു മുകളിലൂടെ ട്രാക്ടർ ഓടിച്ചു കയറ്റുകയായിരുന്നു. കർഷകൻ തൽക്ഷണം മരിക്കുകയും ചെയ്തു. 
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗ്യാൻചന്ദ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ട്രാക്ടർ വാങ്ങാൻ പണം വായ്പ എടുത്തത്. 90,000 രൂപ തിരിച്ചടക്കാൻ ബാക്കിയുണ്ട്. മാസതവണ തെറ്റിയതിനെ തുടർന്നാണ് ജപ്തി ഏജന്റുമാർ നേരിട്ടത്തെത്തി വാഹനം പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു.
 

Latest News