ന്യൂദല്‍ഹി- പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍.ബി ലോകൂറിന്റെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്നു സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പ്രതികരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാരിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു. വാര്‍ത്താ വിതരണ മന്ത്രാലയത്തിനും ഐ.ടി മന്ത്രാലയത്തിനും വിശദീകരണം തേടി നോട്ടീസയച്ചിട്ടുണ്ട്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്കൊപ്പം ചേര്‍ത്ത് വാദം കേള്‍ക്കാമെന്നു വ്യക്തമാക്കി ഹരജി ഈ മാസം 25ലേക്ക് മാറ്റി.
മമത സര്‍ക്കാര്‍ അന്വേഷണത്തിന് വേണ്ടി രൂപീകരിച്ച സമിതി ഭരണഘടന വിരുദ്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സൗരഭ് മിശ്രയും ആവശ്യപ്പെട്ടു.