റിയാദ്- വിദേശികളുടെ ഇഖാമയിലെ 16 പ്രൊഫഷനുകള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് നഗരഗ്രാമ മന്ത്രാലയം. അടുത്ത രണ്ടുമാസത്തിനകം ലൈസന്‍സ് നടപടികള്‍ തുടങ്ങും. 2022 ജനുവരിയോടെ 16 പ്രൊഫഷനുകള്‍ക്കും അവയുമായി ബന്ധപ്പെട്ട മറ്റു 72 പ്രൊഫഷനുകള്‍ക്കും പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ഇല്ലെങ്കില്‍ സ്ഥാപനങ്ങളുടെ ബലദിയ ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം സെക്രട്ടറി ഡോ. അഹമ്മദ് ഖത്താന്‍ പറഞ്ഞു.
എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്, ഇലക്ട്രോണിക്സ് ടെക്നീഷ്യന്, സാറ്റലൈറ്റ് ടെക്നീഷ്യന്, ഇലക്ട്രീഷ്യന്, പ്ലംബര്‍, കാര്‍പെന്റര്‍, ബ്ലാക്ക്സ്മിത്ത്, മേസണ്‍, പെയിന്റര്‍, ഫര്‍ണിച്ചര്‍ ക്ലീനര്‍, വാട്ടര്‍ ടാങ്ക് ക്ലീനര്‍, പെസ്റ്റ് കണ്ട്രോള് വര്‍ക്കര്‍, മരം മുറിക്കാരന്, മെക്കാനിക്, സ്ത്രീ തോട്ടക്കാര്‍, ബാര്‍ബര്‍മാര്‍ എന്നിവയാണ് 16 പ്രൊഫഷനുകള്‍. ഈ ഇഖാമയിലുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ ബലദിയ വിഭാഗത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ വ്യവസ്ഥ. വ്യവസ്ഥ നടപ്പാകുന്നതോടെ ആദ്യഘട്ടത്തില്‍ ഈ പ്രൊഫഷനുകളിലുള്ള ഏതെങ്കിലും ഒരാളെങ്കിലും ഈ ലൈസന്‍സ് എടുത്താല്‍ മാത്രമേ ബലദിയ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഘട്ടം ഘട്ടമായി 50 ശതമാനം പേരെങ്കിലും ലൈസന്‍സ് എടുക്കേണ്ടിവരും. തൊഴില്‍ പരിചയമോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ വിദേശങ്ങളില്‍ നിന്ന് നിരവധി പേര് സൗദിയിലെത്തുന്നുണ്ട്. ഇത് തൊഴില്‍ മേഖലയുടെ ഗുണമേന്മയെ ബാധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.