ന്യൂദല്‍ഹി- സുപ്രീം കോടതി കൊളീജിയം നാമനിര്‍ദേശം ചെയ്ത പുതിയ ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിന് അന്തിമ അംഗീകാരം ലഭിച്ചാല്‍ 2027ല്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കും. അത് ജസ്റ്റിസ് ബി. വി നാഗര്തന ആയിരിക്കും. ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയാണ് ഇവര്‍. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന എന്ന സവിശേഷത കൂടിയുണ്ട്. നിയമനത്തിന് അനുമതി ലഭിച്ചാല്‍ ഒരു മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാന്‍ ജസ്റ്റിസ് നാഗരത്‌നയ്ക്ക് അവസരമൊരുങ്ങും. 2008ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി എത്തിയ ജസ്റ്റിസ് നാഗരത്‌ന രണ്ടു വര്‍ഷത്തിനു ശേഷം സ്ഥിര ജഡ്ജാകുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം നാമനിര്‍ദേശം ചെയ്ത ഒമ്പതു പുതിയ ജഡ്ജിമാരില്‍ ജസ്റ്റിസ് നാഗരത്‌ന ഉള്‍പ്പെടെ മൂന്ന് പേര്‍ വനിതകളാണ്. ഈ പട്ടികയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്. ഇന്ത്യയ്‌ക്കൊരു വനിതാ ചീഫ് ജസ്റ്റിസ് വരേണ്ട കാലമായെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എസ് ബോബ്‌ഡെ ഉള്‍പ്പെടെയുള്ള പല പ്രമുഖരും നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രമണയും ഈ അഭിപ്രായം പങ്കുവച്ചിരുന്നു.






