അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ നിന്നും യൂറോപ്പിനെ രക്ഷിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്- അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അസാധാരണ അഭയാര്‍ത്ഥി തരംഗത്തില്‍ നിന്നും യുറോപ്പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍. ഫ്രഞ്ച് സര്‍ക്കാരും ജര്‍മനിയും യുറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള സംയുക്ത നീക്കങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ വിജയം ഫ്രാന്‍സിന്റെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണെന്നും മക്രോണ്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ യൂറോപ്പിനു മാത്രമായി താങ്ങാനാവില്ല. പരിഭാഷകരും പാചകക്കാരുമായി ഫ്രാന്‍സിനു വേണ്ടി ജോലി ചെയ്തിരുന്ന 800ഓളം അഫ്ഗാന്‍ പൗരന്മാരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും മക്രോണ്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കലാ രംഗത്തുള്ളവര്‍ തുടങ്ങി വലിയ ഭീഷണി നേരിടുന്നവരെ സഹായിക്കാന്‍ ഫ്രാന്‍സ് ഒരുക്കമാണെന്നും പ്രസിഡന്റ് അറിയിച്ചു. 

അഫ്ഗാന്‍ ഭീകരരുടേയും മനുഷ്യക്കടത്തുകാരുടേയും താവളമായി മാറുന്നത് തടയുന്നതിനലാണ് ഫ്രാന്‍സും പങ്കാളിത്ത രാജ്യങ്ങളും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക. ഇതിനായി പാക്കിസ്ഥാന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സഹകരണ സ്ഥാപിക്കുമെന്നും മക്രോണ്‍ പറഞ്ഞു.

അതിനിടെ അഭയാര്‍ത്ഥികള്‍ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതു പക്ഷ നേതാവ് മാരിന്‍ ലെ പെന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാനാണ് മക്രോണ്‍ ഈ മനുഷ്യത്വമില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. അഫ്ഗാന്‍ ഒരു വലിയ മാനവിക പ്രതിസന്ധിക്കും മനുഷ്യാവകാശ പ്രശ്‌നത്തിനു നടുവില്‍ നില്‍ക്കെ മക്രോണിന്റെ ഈ നാണംകെട്ട പ്രസ്താവന മറ്റു പലനേതാക്കളുടേയും നിലപാടുകളുടേതിന് സമാനമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കലാമാര്‍ഡ് പറഞ്ഞു.
 

Latest News