കേന്ദ്രമന്ത്രി കേരളത്തെ പുകഴ്ത്തിയെന്നത് പി.ആര്‍ പ്രചാരണം-കെ.സുരേന്ദ്രന്‍

കോഴിക്കോട്- രാജ്യം മുഴുവന്‍ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പുകഴ്ത്തിയെന്ന് പി.ആര്‍ പ്രചാരണം നടക്കുന്നതെന്ന്  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചയെ പരസ്യമായി വിമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ അതിനര്‍ത്ഥം പ്രശംസിച്ചു എന്നല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അശാസ്ത്രീയമായ നടപടികളിലൂടെയാണ് കേരളത്തില്‍ കോവിഡ് പടരുന്നത്. രാജ്യത്തെ 55 ശതമാനം  കേസുകളും കേരളത്തിലാണ്. കേരളത്തിന്റേത് മാതൃകാ പരമായ പ്രവര്‍ത്തനമാണെന്ന് മന്ത്രി എവിടെയും പറഞ്ഞിട്ടില്ല. മൂന്നാംവരവിനെ നേരിടാനുള്ള മുന്നൊരുക്കത്തിന് കേരളത്തിന് സഹായം ചെയ്യാനാണ് അദ്ദേഹം വന്നത്. അതിനായി 267 കോടി രൂപയും അധികമായും നല്‍കി.
നിയമസഭിയല്‍ 40 പേരുള്ള യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരുമായി സന്ധി ചെയ്യുകയാണ്. സഭയില്‍ അംഗങ്ങളില്ലെങ്കിലും ജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഏറ്റവും ദോഷകരമായ ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്. ഇത് ഭയപ്പെടുത്തുന്നത് കേരളത്തിലെ സമാധാനമാഗ്രഹിക്കുന്ന ജനതയെയാണ്. ഭീകരവാദം എങ്ങനെയാണ് മാനവരാശിയുടെ അന്തകനാകുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും താലിബാന്‍ അനുകൂലികളാണ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും താലിബാന് അനുകൂലമായി പ്രചാരണങ്ങള്‍ വരുന്നുണ്ട്.
പരസ്യമായി നിലപാട് സ്വീകരിക്കാന്‍ കേരളത്തില്‍ അനുവദിക്കുന്നത് അതിനനുകൂലമായ സാഹചര്യമൊരുക്കിയത് കൊണ്ടാണ്. പണ്ട് സദ്ദാം ഹുസൈനനുകൂലമായി നിലപാട് സ്വീകരിച്ച സി.പി.എമ്മാണ് ഇവിടെ ഭരിക്കുന്നത്. പുതിയ സംഭവ വികാസത്തിലും സി.പി.എമ്മിന് അതേ നിലാപാടാണ്. ചൈനയെയും പാകിസ്ഥാനെയും അനൂകൂലിക്കുന്ന രാഷ്ട്രീയ ചിന്താഗതിയാണ് കേരളം ഭരിക്കുന്നവര്‍ക്ക്. താലിബാന്‍ തീവ്രവാദികളെ വീരപുരുഷന്മാരാക്കുന്ന രാഷ്ട്രീയ അടിമത്തമാണ് പല മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും വെച്ചുപുലര്‍ത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News