Sorry, you need to enable JavaScript to visit this website.

തളിരണിഞ്ഞ് സഞ്ചാരികളുടെവയനാടൻ വിരുന്നുശാല

വീണ്ടും തളിരണിയുകയാണ് സഞ്ചാരികളുടെ വയനാടൻ വിരുന്നുശാല. കോവിഡ് പ്രഹരത്തിൽ പാടെ തളർന്ന ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരിടവേളക്കു ശേഷം ഉണരുകയാണ്. കുറുവ ദ്വീപ്, പൂക്കോട് തടാകം, അമ്പലവയൽ പൈതൃക മ്യൂസിയം എന്നിവ ഒഴികെ ചുരത്തിനു മുകളിൽ വിവിധ വകുപ്പുകൾക്കു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. കോഴിക്കോടും കണ്ണൂരും മലപ്പുറവും ഉൾപ്പെടെ സമീപ ദേശങ്ങളിൽനിന്നുള്ള സന്ദർശകരുടെ സാന്നിധ്യം സജീവമാക്കുകയാണ് വിനോദ സഞ്ചാര ഇടങ്ങളെ. നിയന്ത്രണങ്ങളിൽ ഇളവുകളായതോടെ റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും ആളനക്കമായി. ടൂറിസം മേഖലയിലെ നിക്ഷേപകരുടെ ശോകം തളം കെട്ടിയിരുന്ന മുഖങ്ങളിൽ മൃദുഹാസം വിരിയുകയാണ്. ടൂറിസത്തെ ഗ്രസിച്ച ശനിദശ കോവിഡ് പത്തിയൊതുക്കുന്നതോടെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രതിസന്ധിയുടെ നെല്ലിപ്പടി കണ്ട നിക്ഷേപകർ. 

 

വൈവിധ്യ സമൃദ്ധിയുടെ വർണപ്പകിട്ട്
വൈവിധ്യ സമൃദ്ധമാണ് വയനാടൻ വിനോദ സഞ്ചാര രംഗം. പ്രകൃതിസ്‌നേഹികൾ, ചരിത്ര കുതുകികൾ, സാഹസികർ, തീർത്ഥാടകർ തുടങ്ങിയവരുടെ മനസ്സു നിറയ്ക്കുന്നതാണ് വയനാടൻ കാഴ്ചകളും അനുഭവങ്ങളും. ജില്ലയുടെ ചരിത്ര പൈതൃകത്തിലേക്കു വിരൽ ചൂണ്ടുന്ന അമ്പുകുത്തിമല നിരയിലെ എടക്കൽ റോക്ക് ഷെൽട്ടർ, പൂക്കോടിലെയും കർലാടിലെയും നൈസർഗിക ശുദ്ധജല തടാകങ്ങൾ, കാവേരിയിലേക്കു പ്രവഹിക്കുന്ന കബനി നദിയുടെ മാന്ത്രിക സൃഷ്ടിയെന്നു വിശേഷിപ്പിക്കാവുന്ന കുറുവ ദ്വീപ് സമൂഹം, ആനയും കടുവയും കാട്ടിയും ഉൾപ്പെടെ വന്യജീവികൾ വസിക്കുന്ന കാനനം, വനപ്രതീതി ജനിപ്പിക്കുന്ന കാപ്പിത്തോട്ടങ്ങൾ, ചെറുകുന്നുകളെ പച്ചയുടുപ്പിച്ച തേയിലക്കാടുകൾ, നോക്കെത്താദൂരത്തിൽ പരന്നുകിടക്കുന്ന നെൽവയലുകൾ, ബ്രഹ്മഗിരി മലയടിവാരത്തെ തെക്കൻ കാശിയെന്നു പുകൾപെറ്റ തിരുനെല്ലി ക്ഷേത്രം, സൂചിപ്പാറ, മീൻമുട്ടി, ബാണാസുര, കാന്തൻപാറ, പാണ്ടുവൻപാറ വെളളച്ചാട്ടങ്ങൾ, പഴശ്ശിരാജ വീരചരമം പ്രാപിച്ച പുൽപള്ളി മാവിലാംതോട്, മാനന്തവാടി പഴശ്ശി കുടീരം, ചീങ്ങേരി റോക്ക് ഗാർഡൻ, ചെമ്പ്രമല, കാരാപ്പുഴയിലെയും ബാണാസുര സാഗറിലെയും റിസർവോയറുകൾ... ഇങ്ങനെ നീളുന്നതാണ് വയനാടൻ ടൂറിസം ചെപ്പിലെ രത്‌നക്കല്ലുകളുടെ നിര. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായുള്ള സമീപ്യവും നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാടിന്റെ മറ്റൊരാകർഷണമാണ്. വയനാട് വന്യജീവി സങ്കേതവുമായി അതിരിടുന്നതാണ് കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതങ്ങൾ. കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്നു ഒമ്പതു മുടിപ്പിൻ വളവുകളുള്ള ചുരപ്പാതയിലുടെ വയനാട് അതിർത്തിയിലെ ലക്കിടിയിലേക്കുള്ള യാത്ര തന്നെ സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്നതാണ്. 

പിടിച്ചുലച്ച് മഹാമാരി
2018 ലെ പ്രളയത്തിനും ജില്ലയ്ക്കു പുറത്തുണ്ടായ നിപാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടൻ ടൂറിസത്തിന്റെ കഷ്ടകാലം. കോവിഡ്19 വ്യാപനം മൂലം ശതകോടികളുടെ നഷ്ടമാണ് വയനാടൻ ടൂറിസം മേഖലയിൽ ഉണ്ടായത്. 2018 ഫെബ്രുവരി മുതൽ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 2019 ൽ മാത്രം ജില്ലയിൽ ടൂറിസം രംഗത്തു ഏകദേശം 600 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. തുടർന്നുള്ള ടൂറിസം സീസണുകളിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. നിരവധി സംരംഭകരാണ് കുത്തുപാളയെടുത്തത്. 
കൊറോണ വൈറസ് വ്യാപനം ജില്ലയിൽ ടൂറിസം രംഗത്തു ആയിരക്കണക്കിനാളുകളെയാണ് ദുരിതത്തിലാക്കിയത്. റിസോർട്ട്, ഹോം സ്റ്റേ, സർവീസ്ഡ് വില്ല, ഹോട്ടൽ, ടൂറിസ്റ്റ് ബസ്, ട്രാവലർ, ടാക്‌സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരണിഞ്ഞു. 


2000 ത്തിനു ശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജില്ലയിൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനു പുറത്തും ശ്രദ്ധയാകർഷിച്ച സാഹചര്യത്തിലാണ് വയനാട്ടിൽ മുതൽമുടക്കാൻ ടൂറിസം സംരംഭകർ തയാറായത്. ജില്ലയിൽ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അല്ലാതെയും നിരവധി റിസോർട്ടുകളും ഹോം സ്‌റ്റേകളും സർവീസ്ഡ് വില്ലകളും പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പുറമെ. 
കാർഷിക മേഖലയുടെ തകർച്ച മൂലം ജില്ലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാർഗമായി ടൂറിസം മേഖലയെയാണ് ഭരണാധികാരികളടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഉത്തരവാദ ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത 1500 ഓളം യൂനിറ്റുകൾ ജില്ലയിലുണ്ട്. കരകൗശല വസ്തു നിർമാണം, പേപ്പർ ബാഗ് നിർമാണം, തുണി സഞ്ചി നിർമാണം, നെയ്ത്ത്, ജൈവ പച്ചക്കറി ഉൽപാദനം, മൂല്യവർധിത ഭക്ഷ്യോൽപന്ന നിർമാണം, ഇളനീർ വിൽപന, ഹോം സ്റ്റേ, ടെന്റഡ് അക്കൊമഡേഷൻ, ഫാം വിസിറ്റ്, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ മേഖലകളിലാണ് ഉത്തരവാദ ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത യൂനിറ്റുകളുടെ പ്രവർത്തനം. 

 

ആഘാതങ്ങളിൽനിന്നു കരകയറാൻ ശ്രമം
ആഘാതങ്ങളിൽനിന്നു കരകയറാനുള്ള ശ്രമം ടൂറിസം മേഖലയിൽ നടന്നുവരികയാണ്. ജില്ലയിലെ രണ്ടാമത്തെ വലിയ തൊഴിൽ മേഖലയാണ് ടൂറിസവും അനുബന്ധ വ്യവസായങ്ങളും. നേരിട്ടും അല്ലാതെയും 30,000 പേർക്കു തൊഴിൽ നൽകിയിരുന്നതാണ് ടൂറിസം വ്യവസായം. ജില്ലയുടെ ജി.ഡി.പിയുടെ 25 ശതമാനം ടൂറിസം മേഖലയുടെ സംഭാവനയായിരുന്നു. 
വിദേശങ്ങളിൽനിന്നടക്കം കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും അതുവഴി ജില്ലയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തു പകരാനും ഉതകുന്ന നിർദേശങ്ങൾ വയനാട് ടൂറിസം ഓർഗനൈസേഷൻ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുണ്ട്.

വന്യജീവി സങ്കേതത്തിലെ സഫാരിക്കു അന്താരാഷ്ട്ര നിലവാരത്തിലുള്ള വാഹനങ്ങൾ, കാപ്പി, കുരുമുളക്, തേയില കർഷകരുടെ ചെറുതും വലുതുമായ സംരംഭങ്ങളും കൃഷിയിടങ്ങളും സന്ദർശിക്കാനും കൃഷിരീതികൾ മനസ്സിലാക്കാനും സഞ്ചാരികൾക്കു അവസരം, ഫാം മ്യൂസിയം, പ്രധാന വിളകൾക്ക് ഓരോ ദിനങ്ങൾ നിശ്ചയിച്ച് ആഘോഷങ്ങളും അഗ്രി സ്‌പോർട്‌സ് മീറ്റുകളും, അധിനിവേശത്തിന്റെയും ചെറുത്തുനിൽപിന്റെയും ശേഷിപ്പുകളും അന്യം നിൽക്കുന്നതടക്കം ഗോത്രകലകളും സഞ്ചാരികളെ ആകർഷിക്കുന്നതിനു ഉപയോഗപ്പെടുത്തൽ, സാഹസിക ടൂറിസം അക്കാദമി, ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്ന ചുരം റോപ് വേ യാഥാർഥ്യമാക്കൽ, കൃഷ്ണഗിരിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ, വർഷം തോറും നടത്താറുള്ള മൗണ്ടെയ്ൻ ബൈക്കിംഗ് താരങ്ങൾക്കും കാണികൾക്കും എളുപ്പം എത്തിപ്പെടാൻ സൗകര്യമുള്ള പ്രദേശത്തേക്കു മാറ്റൽ, പൊഴുതനയിലെ 200 ഏക്കറോളം വരുന്ന പാറക്കൂട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ സജ്ജീകരിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് ഓർഗനൈസേഷൻ ഭാരവാഹികളായ കെ. വാഞ്ചീശ്വരൻ, സി.പി. ശൈലേഷ്, കെ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ടൂറിസം മന്ത്രിക്കു സമർപ്പിച്ചത്.

 

വളവും വെള്ളവുമായി ഭരണകൂടം
വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന വിനോദ സഞ്ചാര മേഖലയിൽ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. ജില്ലക്കു പ്രത്യേക ടൂറിസം സർക്യൂട്ട്, അയൽ ജില്ലകളിലെ വിമാനത്താവളങ്ങളിൽനിന്നു വയനാട്ടിലേക്കു ഹെലികോപ്റ്റർ കണക്റ്റിവിറ്റി, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ വയനാടിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിന് പ്രത്യേക കൗണ്ടർ, നിലവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിപുലീകരണം, വയനാട് ഫെസ്റ്റ്, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ മെച്ചപ്പെടുത്തൽ, പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കൽ എന്നിവയ്ക്കു പരിഗണന നൽകുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.

ഇതും ടൂറിസം സംരംഭകരിൽ ആഹഌദം പകർന്നിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന യാത്രയ്ക്കു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് വയനാട്ടിലും ടൂറിസം മേഖല കരുത്താർജിക്കുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. 
വനം, ടൂറിസം, കൃഷി, പട്ടികവർഗ വികസനം, ജലസേചനം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾക്കു കീഴിലാണ് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ടൂറിസം വികസനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന ആവശ്യവും പൊതുവെ ഉയരുന്നുണ്ട്.  

Latest News