അമരാവതി- ഇന്‍സ്റ്റാഗ്രാം സൗഹൃദത്തില്‍നിന്ന് അകലം പാലിച്ചതില്‍ പ്രകോപിതനായ യുവാവ്, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ആന്ധ്ര ഗുണ്ടൂരിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനിയായ നല്ലെ രമ്യശ്രീയാണ് (20) ദാരുണമായി കൊല്ലപ്പെട്ടത്. കുത്തിയശേഷം രക്ഷപെട്ട ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പി. ശശികൃഷ്ണയെ (22) പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് നരസാരോപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിറുത്തിയ ശശികൃഷ്ണ കഴുത്തിലും വയറ്റിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറു തവണ രമ്യക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ആന്ധ്രയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവര്‍ത്തകരും നടുക്കം രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.