ഹരിത നേതാക്കൾക്കെതിരെ നടപടി എടുക്കരുതെന്ന് ലീഗ് നേതൃത്വത്തിൽ അഭിപ്രായം

മലപ്പുറം-എം.എസ്.എഫ് നേതാക്കൾക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയ ഹരിത നേതാക്കൾക്കെതിരെ നടപടി എടുക്കരുതെന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇ.ടി മുഹമ്മദ് ബഷീർ, കുട്ടി അഹമ്മദ് കുട്ടി, എം.കെ മുനീർ, കെ.പി.എ മജീദ് തുടങ്ങിയവരാണ് നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടത്. നടപടിയെടുത്താൽ അത് ലീഗിന്റെ പ്രതിച്ഛായ തകർക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, എം.എസ്.എഫ് നേതാക്കൾക്കെതിരെ നൽകിയ പരാതി ഇന്ന് രാവിലെ പത്തു മണിക്കകം പൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 
കേസ് പിൻവലിക്കാതെ വിശദമായ ചർച്ച നടത്താൻ കഴിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. പാണക്കാട് ചേർന്ന യോഗത്തിലാണ് പരാതി പിൻവലിക്കാനുള്ള നിർദേശം ലീഗ് നേതൃത്വം മുന്നോട്ടുവെച്ചത്. പാർട്ടിക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നങ്ങൾ വനിതാ കമ്മിഷനിലേക്കും പൊതുജനങ്ങളിലേക്കും എത്തിച്ചത് അച്ചടക്കലംഘനമാണെന്ന അഭിപ്രായമാണ് ലീഗ് നേതൃത്വത്തിനുള്ളത്.
എം.എസ്.എഫ് നേതാക്കൾ മാനസികമായി പീഢിപ്പിക്കുകയും അപമാനകരമായി സംസാരിക്കുന്നതും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ തന്നെ വനിതാവിഭാഗമായ ഹരിതയുടെ നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.പാർട്ടി നേതൃത്വത്തോട് നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നാണ് പരാതിക്കാരുടെ വിശദീകരണം.

Latest News