Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഫ്ഗാനിലെ പെണ്‍കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു-കെ. സുധാകരന്‍

കണ്ണൂര്‍- താലിബാന്‍ ഭരണം പിടിച്ച് അഫ്ഗാനിലെ പെണ്‍കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ഏതൊരു മനുഷ്യസ്‌നേഹിയുടെയും ഹൃദയം നുറുങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാന്‍ തീവ്രവാദികള്‍ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സാമ്രാജ്യത്വ ശക്തികള്‍ പതിറ്റാണ്ടുകള്‍ ആയി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികള്‍ക്ക് വളം ആയി മാറിയത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തി ഭരണം പിടിക്കാന്‍ താലിബാനെപോലൊരു തീവ്രവാദസംഘടനക്ക് കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ല. മതത്തെയും സ്‌റ്റേറ്റിനെയും വേര്‍തിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തില്‍ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം. ഏതൊരു മത രാഷ്ട്ര വാദത്തിന്റെയും ഇരകള്‍ സാധാരണ മനുഷ്യര്‍ ആയിരിക്കും. മതതീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ജനാധിപത്യവാദികള്‍ തയ്യാറാകണമെന്നും സുധാകരന്‍  കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജനാധിപത്യവും മാനവികതയും വീണ്ടും പരാജയപ്പെട്ടിരിക്കുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഉയരുന്ന രോദനങ്ങള്‍ മറ്റൊന്നല്ല നമ്മളോട് പറയുന്നത്! ഈ പരാജയം ശാശ്വതമല്ലെന്നും, ഇരുളിന്റെ മറനീക്കി ജനാധിപത്യ വിശുദ്ധിയുടെ പുതിയ സൂര്യന്‍ ആ ജനതക്ക് മുകളില്‍ വീണ്ടും പ്രകാശിക്കുന്ന ഒരു നാള്‍ വരുമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ജനാഭിലാഷം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുന്ന ഫീനിക്‌സ് പക്ഷിയാണ് എന്നതിന് ലോക ചരിത്രം സാക്ഷിയാണ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തി ഭരണം പിടിക്കാന്‍ താലിബാനെപോലൊരു തീവ്രവാദസംഘടനക്ക് കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ല. ജനാധിപത്യ വാദികള്‍ ആയ മനുഷ്യരെ മുഴുവന്‍ താലിബാന്‍ എന്ന തീവ്രവാദികള്‍ നിശ്ശബ്ദരാക്കിയ വാര്‍ത്തകള്‍ ആണ് അഫ്ഗാന്‍ നമുക്ക് നല്‍കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ പതിറ്റാണ്ടുകള്‍ ആയി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികള്‍ക്ക് വളം ആയി മാറിയത്.

മതത്തെയും സ്‌റ്റേറ്റിനെയും വേര്‍തിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തില്‍ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം. ഏതൊരു മത രാഷ്ട്ര വാദത്തിന്റെയും ഇരകള്‍ സാധാരണ മനുഷ്യര്‍ ആയിരിക്കും. മതരാഷ്ട്രം അതിന്റെ സര്‍വ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുമ്പോള്‍ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിനുള്ള നേര്‍ തെളിവുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ഭീതിദമായ ചിത്രങ്ങള്‍. പരസ്പരവിദ്വേഷം വിതച്ചു കൊണ്ടുള്ള എല്ലാതരം വര്‍ഗ്ഗീയ രാഷ്ട്രീയവും ചെന്നെത്തി നില്‍ക്കുന്നത് എവിടെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതനം മാത്രമല്ല, അവരുടെ സുനിശ്ചിതമായ തിരിച്ചു വരവ് കൂടി കാണാന്‍ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഉള്ളു പൊള്ളിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്നു വരുന്നത്. മത തീവ്രവാദികളുടെ ഭരണത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ഏതൊരു മനുഷ്യസ്‌നേഹിയുടെയും ഹൃദയം നുറുങ്ങും.അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാന്‍ തീവ്രവാദികള്‍ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ഏകാധിപത്യശക്തികള്‍ ഈ തീവ്രവാദികള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നു. ഈ മതതീവ്രവാദികള്‍ക്കൊപ്പം തന്നെ അവരെ പിന്തുണയ്ക്കുന്നവരുടെ ആശയങ്ങളെയും മനുഷ്യസമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ജനാധിപത്യവാദികള്‍ തയ്യാറാകണം. അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ മതവര്‍ഗ്ഗീയഭീകര ശക്തികളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കുവാനുള്ള പോരാട്ടം നമുക്ക് തുടങ്ങി വെയ്ക്കാം.

 

Latest News