Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ പീഡിതർക്ക് നീതി ലഭ്യമാക്കണം

കൽപറ്റ- കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ പീഡിതർക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും വയനാട്ടിലെ സാംസ്‌കാരിക-പരിസ്ഥിതി-പൊതുരംഗങ്ങളിലെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ സർക്കാരിനോടു ആവശ്യപ്പെട്ടു. 
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, അഡ്വ. പി. ചാത്തുക്കുട്ടി, അഡ്വ. പി.സി. ഗോപിനാഥ്, പ്രൊഫ. ടി. മോഹൻബാബു, അഡ്വ. എം. വേണുഗോപാൽ, വി. മുഹമ്മദ് ഷെറീഫ്, ഡോ. സുമ വിഷ്ണുദാസ്, സൂപ്പി പള്ളിയാൽ, വട്ടക്കാരി മജീദ്, വി.കെ. സദാനന്ദൻ, വേലായുധൻ കോട്ടത്തറ, പി.കെ. റെജി, രാജേഷ് കൃഷ്ണൻ, വർഗീസ് വട്ടേക്കാട്ടിൽ, ഡോ. നിധീഷ് കുമാർ, ടി. ശിവരാജ്, സി.വി. ജോയി, ടി.കെ. ഇബ്രായി, സുലോചന രാമകൃഷ്ണൻ, വിനയകുമാർ അഴീപ്പുറത്ത്, കെ.വി. പ്രകാശ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, ഷിബു കുറുമ്പേമഠം, അബു പൂക്കോട്, ബഷീർ ആനന്ദ് ജോൺ എന്നിവർ ഒപ്പിട്ടതാണ് പ്രസ്താവന. 
എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി നിരന്തരം പ്രക്ഷോഭവും സുപ്രീം കോടതിയിൽ കേസും നടത്തിയവർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഇരകളും കുടുംബങ്ങളും അവമതിക്കപ്പെടുന്നതും നീതിക്കായി സമരം ചെയ്യേിവരുന്നതും ഖേദകരമാണെന്നു പ്രസ്താവനയിൽ പറയുന്നു. 
മാരക കീടനാശിനി ഹെലികോപ്ടറിലൂടെ തളിച്ച് വായുവും വെള്ളവും മണ്ണും വിഷമയമാക്കിയതും തലമുറകളിലേക്ക് സംക്രമിക്കുന്ന ജനിതക വൈകല്യമടക്കമുള്ള പീഡനങ്ങൾക്ക് ഇടവരുത്തിയതും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പ്ലാന്റേഷൻ കോർപറേഷനാണ്. 
പ്ലാന്റേഷൻ കോർപറേഷൻ ഉടമയായ സംസ്ഥാന സർക്കാരിനു ഇരകളോടും കുടുംബങ്ങളോടുമുള്ള ഉത്തരവാദിത്തത്തിൽനിന്നു ഒഴിയാനാകില്ല. ഇരകൾക്ക് തക്കതായ നഷ്ടപരിഹാരവും സംരക്ഷണവും നൽകാൻ സർക്കാരിനു ബാധ്യതയുണ്ട്.  
നീതിക്കു വേണ്ട കാസർകോടിലെ അമ്മമാർ വീണ്ടും തെരുവിലിറങ്ങുന്ന അവസ്ഥ കേരളീയ സമൂഹത്തിന്ന് അപമാനമായി മാറും. അവസാനത്തെ ഇരയ്ക്കും നീതി കിട്ടുന്നതുവരെ സമരം തുടരുമെന്നു എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 
എൻഡോസൾഫാൻ പീഡിതരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കേരളത്തിന്റെ യശസ്സ് നിലനിർത്താൻ സർക്കാർ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

 

Latest News