നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ജോലി: മലപ്പുറത്ത് 12 പേരില്‍നിന്ന് പണം തട്ടി

മലപ്പുറം-നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ കേസില്‍ അറസ്റ്റിലായ കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രനെ(58) കോടതി റിമാന്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശിയായ യുവാവില്‍ നിന്ന് ജോലിക്കായി പണം വാങ്ങിയെന്ന പരാതിയില്‍ ഇയാളെ മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്.

 

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ടു വര്‍ഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം തട്ടി വരുന്ന സംഘത്തിലെ കണ്ണിയാണ് രവീന്ദ്രന്‍. മലപ്പുറം ജില്ലയില്‍ നിന്ന് 12 പേരില്‍ നിന്ന് പണം തട്ടിയതായി പോലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ അസിസ്റ്റന്റ് മാനേജര്‍ പദവിയില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്്ാദാനം. മുപ്പതിനായിരം രൂപയിലേറെ ശമ്പളം ലഭിക്കുമെന്നും ജോലിക്കായി അഞ്ചു ലക്ഷം രൂപ വരെ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.സ്വകാര്യ വിമാനത്താവളമായതിനാല്‍ ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് തൊഴില്‍ നിയമനത്തില്‍ ക്വാട്ടയുണ്ടെന്നും അതു വഴിയാണ് ജോലി ലഭിക്കുകയെന്നും ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നു. പണം നല്‍കിയ ചിലരെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഇന്റര്‍വ്യൂവിന് ഏജന്റുമാര്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച ദിവസം ഇന്റര്‍വ്യൂ നടക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പണം നല്‍കിയിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പലരും പരാതി നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ തട്ടിപ്പിന്റെ ഏജന്റുമാര്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്.മലപ്പുറത്ത് അറസ്റ്റിലായ രവീന്ദ്രന്‍ പലരില്‍ നിന്നായി 37 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

 

 

Latest News