മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍ 

ഇടുക്കി-ഭാര്യയെ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചെമ്മണ്‍കൂഴി സ്വദേശി ഷാജി സുലൈമാന്‍ തന്റെ ഭാര്യ വിനീതയെ(33) തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാണാതായെന്ന പരാതി മറയൂര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകനൊപ്പം പോയതാണെന്ന് മനസിലായി. കോവില്‍ക്കടവില്‍ കച്ചവടം നടത്തുന്ന വിവേക് (33) എന്ന യുവാവിനൊപ്പമാണ് യുവതി പോയത്. രാവിലെ എട്ടരയോടെ കണ്ടെത്തി ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് അറിയിക്കുകയായിരുന്നു. വിജയപുരം രൂപതയുടെ കോതമംഗലം, കറളങ്ങാട് ഒ.എല്‍.എം.സി എല്‍.പി സ്‌കൂളിലെ അധ്യാപികയായ വിനീതക്ക് രണ്ട് മക്കളും വിവേകിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇരുവരും മക്കളെയും കുടുംബത്തെയും സ്വീകരിക്കാന്‍ തയാറായില്ല. ഭര്‍ത്താവ് ഷാജി നല്‍കിയ ഭാര്യയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസറ്റർ ചെയ്തു.

Latest News