പറന്നെത്തിയ മയില്‍ വന്നിടിച്ച് ബൈക്ക് മറിഞ്ഞു, ഭര്‍ത്താവ് മരിച്ചു

തൃശൂര്‍ - പറന്നെത്തിയ മയില്‍ വന്നിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടേകാലോടെ അയ്യന്തോള്‍-പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം.
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ്(34) ആണ് മരിച്ചത്. ഭാര്യ വീണയ്ക്ക് (26)പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാലു മാസം മുന്‍പാണ് പ്രമോസിന്റെയും വീണയുടേയും വിവാഹം കഴിഞ്ഞത്.
ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡു മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിടിച്ച് മയിലും ചത്തു. മയിലിനെ ഫോറസ്റ്റുകാര്‍ വന്നു കൊണ്ടുപോയി. മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചിരുന്നു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു.
പെയിന്റു പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധനേഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.  പുഴയ്ക്കല്‍, അയ്യന്തോള്‍, പഞ്ചിക്കല്‍ മേഖലകളിലെ ജനവാസകേന്ദ്രങ്ങളില്‍ മയിലുകള്‍ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്.

 

 

Latest News