Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭൂമിക്കൊരു ചരമഗീതം

മലയാളത്തിന്റെ പുതിയ ഭാവുകത്വം അടയാളപ്പെടുത്തുന്ന കവിതയാണ് ഒ.എൻ.വിയുടെ ഭൂമിക്കൊരു ചരമഗീതം. എൺപതുകളിലെന്നോ തിരുവനന്തപുരത്തെ വി.ജെ.ടി (അയ്യൻ കാളി) ഹാളിൽ കവി തന്നെ ആദ്യമായി അതു ചൊല്ലിയ കാവ്യസംഭവം ഓർക്കുന്നു. സൗരമണ്ഡലപ്പെരുവഴിയിലൂടെ, മാനഭംഗത്തിന്റെ മാറാപ്പുമായി, ഭ്രഷ്ടയായി, മുണ്ഡിതശിരസ്‌കയായി നീങ്ങുന്ന ഭൂമിയുടെ ചിത്രം മലയാളത്തിലെ വേദിയായ വേദിയിലെല്ലാം അനുവാചകർ വരഞ്ഞിട്ടു. 
എത്രയെത്ര ബിംബങ്ങൾ, എത്ര പുരാവൃത്തങ്ങൾ, മുന്നറിയിപ്പുകൾ, അധിക്ഷേപങ്ങൾ, എത്രയെത്ര ക്ഷമാപണങ്ങൾ! ഭൂമിക്കൊരു ചരമഗീതം മറ്റൊരു ചരമഗീതത്തിന്റെ, 1751 ൽ തോമസ് ഗ്രേ ഇംഗ്ലീഷിൽ  എഴുതിയ കവിതയുടെ, ഭാവഭംഗിയും ജനപ്രിയവും പിന്തള്ളിക്കഴിഞ്ഞു. മലയാളത്തിന്റെ വികാര രേഖയായ 'ചരമഗീതം' ഒ എൻ വിയെ മാനവരാശിയുടെ പട്ടം കെട്ടാത്ത നിയമനിർമാതാക്കളുടെ  പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു.   
ചരമഗീതത്തിന്റെ അനുരണനമായിരുന്നുവെന്നു പറയാം, കഴിഞ്ഞ ചൊവ്വാഴ്ച മനോരമയിൽ വന്ന മുഖ്യ ലേഖനം. എഴുത്തുകാരൻ പുനെയിലെ കാലാവസ്ഥാ പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ മാത്യു കോൾ. ചരമഗീതത്തിൽ കാൽപനികത്വം വഴിഞ്ഞൊഴുകിയെങ്കിൽ, മാത്യുവിന്റെ വിവരണം നിറയെ മരണ ഗന്ധവും ഭീതിയും മനുഷ്യന്റെ പരമമായ ഉദാസീനതയുമായിരുന്നു.  മിടുക്കനായ ഒരു സബ് എഡിറ്റർ ചരമഗീതം ഓർത്തുകൊണ്ട് ലേഖനത്തിന് ഇങ്ങനെ ഒരു തലക്കെട്ടിട്ടു: ഭൂമിക്ക് മരണ ഗന്ധം. വരാനിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പ് തുടക്കം മുതലേ ലേഖനത്തിൽ തല തല്ലി നീങ്ങുന്നു. 
രണ്ടു നാൾ മുമ്പ് ജനീവയിൽ ഉണ്ടായ ഒരു വിളംബരമാണ് ലേഖനത്തിന്റെ നിദാനം. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും അതു നിയന്ത്രിക്കാനുള്ള വഴികളും വിലയിരുത്താൻ ഏഴാണ്ടിലൊരിക്കൽ യോഗം ചേരുന്ന അന്തർദേശീയ പഠന സംഘമാണ് ഐ. പി. സി. സി.  ഇത്തവണത്തെ യോഗം കഴിഞ്ഞയാഴ്ച ജനീവയിൽ നടന്നു. ആ സംഘം നേരത്തേ അനുവദനീയമെന്നു വിധിച്ച ഭൂമിയുടെ താപനില കടന്നു കേറിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. അന്തംവിട്ടു നിൽക്കുന്ന ശാസ്ജ്ഞന്റെ രൂക്ഷമായ ശൈലിയിൽ, ഭൂമിക്ക് മരണ ഗന്ധം വന്നു ചേർന്നിരിക്കുന്നു. 
എന്തിനെയെല്ലാം ഭൂമി പ്രതിനിധാനം ചെയ്യുന്നു. ഭൂമിയെന്ന പേർ കേട്ടാൽ മതി, കാളിദാസൻ പുളകം കൊള്ളും. ഉദഗ്ര രമണീയയായ പൃഥ്വി അദ്ദേഹത്തിന്റെ അനുവാചകർക്ക് അംബയും പ്രേയസിയുമാകുന്നു. 
അപഹരിക്കപ്പെടുന്ന ഭൂമിയെ വീണ്ടെടുക്കുന്ന കഥകൾ പുരാണങ്ങളിൽ എമ്പാടും വായിക്കാം. കൂമന്റെ മൂളലായ് പേടിപ്പെടുത്തിയും കുയിലിന്റെ കൂകലായ് പേടി തീർത്തും ഭൂമി നമ്മുടെ ആദരവും ആരാധനയും ഏറ്റുവാങ്ങുന്നു. 
സർവംസഹയാണ് അവൾ. എല്ലാം ക്ഷമിക്കുന്നവൾ. അറിയപ്പെടാത്ത നിധികളെ ഒളിപ്പിച്ചുവെച്ചിട്ടുള്ള വസുന്ധര. അപായത്തിൽ പെടുന്നവർക്ക് നെഞ്ചു വിടർത്തി അഭയം നൽകുന്ന അവളെ നോവിക്കരുത്. പട്ടം കെട്ടാത്ത വേറൊരു നിയമ നിർമാതാവ് പറയുന്നു, 'ഈ മണൽത്തിട്ടിൽ ചവിട്ടുന്നതിനു മുമ്പു നാമിതിന്നൊന്നു നമോവാകമോതുക.' പണ്ടു മുതലേ നമ്മൾ കേട്ടുവരുന്നതാണ് ആ ഭൂമിഗീതയുടെ ഈണവും ഉള്ളടക്കവും. മാളിക പൊക്കാനോ കൃഷി ഇറക്കാനോ തുടങ്ങുമ്പോൾ ഭൂമിദേവിയുടെ അനുജ്ഞ വേണം. വസുന്ധരയെ അസുന്ദരമാക്കരുതെന്ന താക്കീത് യുഗാന്തരങ്ങളിലൂടെ മുഴങ്ങിക്കേൾക്കുന്നു.
മരണ ഗന്ധം വമിക്കാൻ പ്രകൃതി എത്രയെത്ര വഴികൾ തുറന്നിടുന്നു! കരകളെ മുഴുവൻ മുക്കിമൂടുന്ന തിരമാലകൾ ഉയരാം. ഭൂമിയുടെ ഭൂരിഭാഗമായ കടലിന്റെ അവകാശം ബലാൽക്കാരമായി വർധിക്കാം. കടലിലെ വെള്ളത്തിന്റെ രസതന്ത്രം മാറുമ്പോൾ അതിലെ ജീവജാലത്തിന്റെ ഭാവം മാറും. ദുരൂഹമായ ശക്തിയുടെ പ്രവർത്തനം കൊണ്ട് നിലനിന്നുപോരുന്ന സന്തുലിതാവസ്ഥ ഞൊടിയിടകൊണ്ട് തകരാറിലാവും. മഴ പെയ്യാൻ കാടെന്തിന് എന്നൊരു രസികൻ ഒരിക്കൽ ചോദിക്കുകയുണ്ടായി. അതിനും കവിതയിലാകാം മറുപടി. ഹാസ്യവും ഗൗരവവും കലർത്തി അയ്യപ്പപ്പണിക്കർ പറഞ്ഞതാണ് കാര്യം. നമ്മുടേതും നമ്മുടേതല്ലാത്തതുമായ വികൃതികൾ കൊണ്ട് മഴക്ക് പറ്റിയതെന്താ? ഇടവപ്പാതി പാതി പാതിയായി..അതു തന്നെ. 
ഇടവപ്പാതിയുടെ കാലവും അളവും തെറ്റാൻ എത്ര കൊല്ലമെടുത്തു? അത്രയേറെ പുരുഷാന്തരങ്ങളൊന്നും അതിനു വേണ്ടിവന്നില്ല. അമേരിക്കയിലെ യോസമിറ്റെ ദേശീയ ഉദ്യാനത്തിൽ ഒരു വഴികാട്ടി സ്ത്രീ പറഞ്ഞുതന്ന വാക്യം ഓർക്കുന്നു. കൂറ്റൻ മരങ്ങളാണ് അവിടത്തെ കാഴ്ച. സെക്വൊയ എന്ന ആ മരത്തിന്റെ പേരിൽ ഒരു ജാപ്പനീസ് കാർ വിളി കൊണ്ടു. യേശുക്രിസ്തു മധ്യേഷ്യയിൽ പ്രേഷിത പ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോൾ വടക്കൻ അമേരിക്കയിൽ അവയിൽ ചിലവയ്ക്ക് ആയിരം കൊല്ലം ആയുസ്സായിക്കഴിഞ്ഞിരുന്നു. രണ്ടായിരം-മൂവായിരം വയസ്സുള്ള വനസ്പതികൾ. പ്രകൃതി അവയെ രൂപപ്പെടുത്തിയെടുക്കാൻ ആയിരക്കണക്കിനു കൊല്ലങ്ങൾ എടുത്തു. ഞങ്ങളുടെ വഴികാട്ടിയും വാഹനക്കാരിയുമായ പെൺകൊടി മൊഴിഞ്ഞു: പിന്നീടു പിന്നീട് ഭൂമി കൈയേറാൻ എത്തിയ നമ്മുടെ പൂർവികർക്ക് ഒന്നു രണ്ടു നൂറ്റാണ്ടേ വേണ്ടിവന്നുള്ളൂ, അതൊക്കെ മണ്ണടിയിപ്പിക്കാൻ.
കടൽ കലങ്ങുകയാണെങ്കിൽ ഭൂമി വിരണ്ടു പിന്മാറുകയാണ് പലപ്പോഴും പലയിടത്തും. കടലിൽ കല്ലിട്ട് തിരയെ ഒതുക്കാമെന്നും പണം പിടുങ്ങാമെന്നും മോഹിച്ച് നട്ടം തിരിയുന്നവരുടെ ഗതി ദിവസം തോറും നമ്മൾ അനുഭവിക്കുന്നു. കരീബിയൻ ദ്വീപസമൂഹത്തിലെ ഒരു കൊച്ചു പ്രദേശമാണ് തുവാലു. പൂർണമായ പേർ തുവാലു ജനാധിപത്യ റിപ്പബ്ലിക്. മഞ്ഞുരുകി വരുന്ന വെള്ളം കയറിക്കയറി ഓരോ കൊല്ലവും കര ഇല്ലാതായിപ്പോകുന്നു. ഏതാനും കൊല്ലം മുമ്പ് പതിനായിരത്തിൽ പരം ആളുകൾ പാർത്തിരുന്ന ദ്വീപിലെ ജനസംഖ്യ എത്രയായാവോ? അതുപോലെ കടലിൽ ലയിക്കാൻ കാത്തിരിക്കുന്ന ദ്വീപുകൾ കരീബിയൻ സമൂഹത്തിൽ ഒതുങ്ങുന്നവയല്ല.
നമ്മുടെ ഒരു നേതാവിന്റെ കഥ പറയട്ടെ. കഥയായതുകൊണ്ട് ചോദ്യമോ വിശദീകരണമോ ഇല്ല. അഴിമതിയുടെ ആരോപണം എവിടെ ഉണ്ടോ അവിടെ അദ്ദേഹത്തിന്റെ പേരും കേൾക്കാം എന്നായിരുന്നു ശത്രുക്കളുടെ പരിദേവനം.  എങ്ങനെയെല്ലാമോ കുറെ പണം ശേഖരിച്ച് അദ്ദേഹം മാലിദ്വീപിൽ ഒരു കൊച്ചു തുരുത്ത് കച്ചവടമാക്കി. രാവിലെ കണ്ടപ്പോൾ കണ്ണു കുളിർപ്പിച്ച ഏകാന്തതയുടെ അപാര തീരം. വേലിയിറക്കത്തിന്റെ നേരമായിരുന്നു. വൈകുന്നേരമായപ്പോൾ  ഇന്ത്യാ സമുദ്രത്തിലെ ഒരു തരിയായി മാറിയിരുന്നു ദാഹിച്ചു മോഹിച്ചു വാങ്ങിയ ആ സുന്ദര തീരം. മഞ്ഞുരുകി വരുന്ന വെള്ളം വേണമെന്നില്ല കടൽനിരപ്പ് ഉയരാൻ. വേലിയേറ്റത്തിലും ഇറക്കത്തിലും ഭൂമിയുടെ മുഖം മങ്ങുകയും മായുകയും ചെയ്യാം. 
ഭൂമിയുടെ അവയവങ്ങൾ ഓരോന്നായി സ്വാധീനം നഷ്ടപ്പെടുന്നതിന്റെ കഥകൾ എവിടെനിന്നു വരുന്നതായാലും നമുക്ക് കുലുക്കമില്ല. ചെല്ലാനത്ത് മാളിക കെട്ടാനും അതിരപ്പള്ളിയിൽ അണ പണിയാനും കേരളത്തെ നെടുകെ മുറിക്കുന്ന ഒരു സമാന്തര തീവണ്ടിപ്പാത  വെട്ടാനും തിരക്കിടുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളും സിവിൽ എൻജിനീയർമാരും. അതു വഴിയല്ലേ പൊതുപ്രവർത്തനത്തിനു വേണ്ട നിധി ശേഖരിക്കാൻ പറ്റൂ? തീരുമാനം ഒന്നും ആയില്ലെങ്കിലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന് ഉറക്കെ പറയാൻ ഒരു വൈദ്യുതി മന്ത്രിയും ഇന്നേ വരെ ധൈര്യപ്പെട്ടിട്ടില്ല. സൈലന്റ് വാലിയിൽ അണ കെട്ടണമെന്ന വാശിയിൽ കൂട്ടുകൂടിയതിന്റെ പേരിൽ കുറ്റവും ലജ്ജയും തോന്നുന്നതായി ശുദ്ധഗതിക്കാരനായ പി.കെ. വാസുദേവൻ നായർ പിന്നീടു പറയുകയുണ്ടായി. എല്ലാവരും അങ്ങനെ ശുദ്ധഗതിക്കാരാവില്ലല്ലോ. 
കഞ്ചുകം കൊഴിയുന്ന കാടിന്റെയും ചൂടേറുന്ന കടലിന്റെയും തീവ്രമാകുന്ന ചുഴലിയുടെയും പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ജനീവ ഐ. പി. സി. സി സമ്മേളനം നടന്നത്. മുന്നറിയിപ്പുകളും ഖേദപ്രകടനങ്ങളും നിറഞ്ഞ ഒരു ലഘുവിവരണമേ ആകുന്നുള്ളൂ ഭൂമിയുടെ മരണ ഗന്ധത്തെപ്പറ്റിയുള്ള മാത്യു കോളിന്റെ ലേഖനം. അതിലെ രണ്ടു മൂന്നു ഖണ്ഡികകൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:
'ക്ഷമിക്കണം, പതിവുപോലെ നല്ല വാക്കുകൾ പറഞ്ഞ് നിങ്ങളെ ആശ്വസിപ്പിക്കാൻ എനിക്കാവുന്നില്ല.  ഭൂമിയുടെ പേടിപ്പെടുത്തുന്ന സ്ഥിതി പറയാൻ സത്യത്തിൽ അൽപം മടിയുണ്ട്....വാക്‌സിനേഷനും കരുതലും ചേർന്ന് കോവിഡിനെ പിടിച്ചുകെട്ടുക തന്നെ ചെയ്യും. പക്ഷേ കാലാവസ്ഥാ മാറ്റത്തിന്റെ ഗ്രാഫിനെ താഴ്ത്താനാവില്ല. അതു താഴണമെങ്കിൽ നാം പുറത്തേക്കു തള്ളുന്ന കാർബൺ കുറക്കണം. സുസ്ഥിര വികസന മാതൃകയെ പുണരണം. 
പ്രകൃതിദത്തമായ പ്രതിരോധങ്ങൾ ശക്തിപ്പെടുത്തണം. പ്രകൃതിയിൽ ഇടപെടുന്നതിനു മുമ്പ് എല്ലാ ദുരന്ത സാധ്യതകളും വിലയിരുത്തണം. ഐ. പി. സി. സി റിപ്പോർട്ട് ആഗോളമായി ചിന്തിച്ച് പ്രാദേശികമായി കർമനിരതമാകാനുള്ള മാർഗരേഖയാണ്.'   

Latest News