ന്യൂദല്‍ഹി- വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരും അര്‍ധസൈനികരും ഉള്‍പ്പെടെ 200ലേറെ ഇന്ത്യക്കാര്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. ഇവരെ ഇന്ത്യയിലെത്തിക്കാന്‍ തയാറായി എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. കാബൂള്‍ നഗരത്തില്‍ താലിബാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ എംബസിയില്‍ നിന്നും ഇവരെ സുരക്ഷിതമായി എങ്ങനെ വിമാനത്താവളത്തിലെത്തിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.
അഫ്ഗാനില്‍ സ്ഥിതിഗതില്‍ മോശമായി വന്ന അവസാന മൂന്ന് ദിവസങ്ങളില്‍ എന്തു കൊണ്ട് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. താലിബാന്‍ കാബൂളിലെത്തുന്നതിനു മുമ്പ് തന്നെ പല വിദേശരാജ്യങ്ങളും അവരുടെ എംബസികള്‍ പൂട്ടി പൗരന്മാരെ സുരക്ഷിതരായി തിരിച്ചുകൊണ്ടു പോയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും അഫ്ഗാന്‍ ആകാശ പാത അടച്ചിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ എംബസി സുരക്ഷയ്ക്കു വേണ്ടി കൊണ്ടു പോയ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ നൂറോളം ജവാന്‍മാരും കാബൂളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിലുള്‍പ്പെടും. കാബൂള്‍ വിമാനത്താവളത്തിലേക്ക് നൂറുകണക്കിന് ആളുകള്‍ ഇരച്ചെത്തിയതോടെ എല്ലാ വാണിജ്യ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാനത്താവള പരിസരത്തും റണ്‍വേയിലും അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തു പോകാനായി വഴിതേടിയെത്തിയ നിരവധി പേര്‍ നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നിരുന്നു. റണ്‍വേയിലൂടെ നീങ്ങുന്ന യുഎസ് സൈനിക വിമാനത്തില്‍ ഇവര്‍ അള്ളിപ്പിടിച്ച് കയറുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.