Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പുതിയ ഉയരങ്ങളിൽ

തകർപ്പൻ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പുതിയ ഉയരങ്ങൾ കീഴടക്കി. ആഭ്യന്തര വിദേശ ഫണ്ടുകൾ മുൻനിര ഓഹരികളിൽ വൻ നിക്ഷേപത്തിന് മത്സരിച്ചത് തുടർച്ചയായ രണ്ടാം വാരത്തിലും റെക്കോർഡ് പ്രകടനം കാഴ്ചവെക്കാനുള്ള കരുത്ത് സെൻസെക്‌സിനും നിഫ്റ്റിക്കും സമ്മാനിച്ചു. ബോംബെ ഓഹരി സൂചിക 1159 പോയന്റും നിഫ്റ്റി 290 പോയന്റും പ്രതിവാര നേട്ടത്തിലാണ്. രണ്ടാഴ്ചകളിൽ ബിഎസ്ഇ 2849 പോയന്റും എൻഎസ്ഇ 807 പോയന്റും വാരിക്കൂട്ടി.
ബുള്ളിഷായി നീങ്ങുന്ന ഇന്ത്യൻ മാർക്കറ്റ് ഒരു മാസത്തിനിടയിൽ അഞ്ച് ശതമാനം ഉയർന്നു. ഈ കാലയളവിൽ സെൻസെക്‌സ് മുന്നേറിയത് 2667 പോയന്റും നിഫ്റ്റി 716 പോയന്റുമമാണ്. ഫണ്ടുകളുടെ നീക്കങ്ങൾ വിലയിരുത്തിയാൽ വിപണി പുതിയ ഉയരങ്ങളിലേയ്ക്ക് സെപ്റ്റംബർ ഒക്ടോബർ കാലയളവിൽ വീണ്ടും സഞ്ചരിക്കാം. 


ധനകാര്യ സ്ഥാപനങ്ങൾ വിപണിക്ക് ശക്തമായ പിൻതുണയുമായി രംഗത്തുണ്ട്. വിദേശ ഓപറേറ്റർമാർ പോയ വാരത്തിൽ 1270 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 1357 കോടി രുപ വില വരുന്ന ഓഹരികൾ ശേഖരിച്ചു. ഓഗസ്റ്റിൽ ഇതിനകം വിദേശ ഓപറേറ്റർമാർ 3495.24 കോടി രൂപ നിക്ഷേപിച്ചു. നാല് മാസമായി വിൽപനയ്ക്ക് മുൻതൂക്കം നൽകിയിരുന്ന വിദേശ ഫണ്ടുകൾ വാങ്ങലുകാരായത് പ്രതീക്ഷ പകർന്നു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ ആറ് മാസമായി നിക്ഷേപകരാണ്. 
പിന്നിട്ട വാരം രൂപയുടെ വിനിമയ നിരക്കിൽ കാര്യമായ ഏറ്റക്കുറച്ചിൽ ദൃശ്യമായില്ല. രൂപയുടെ മൂല്യം മുൻവാരത്തിലെ 74.18 ൽ നിന്ന് 74.24 ലേയ്ക്ക് ദുർബലമായി.
നിക്ഷേപകർ പിടിമുറുക്കിയതോടെ മുൻനിര ഓഹരികളായ റ്റിസിഎസ്, ഇൻഫോസീസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐറ്റിസി, എയർ ടെൽ, ആർഐഎൽ, ടാറ്റാസ്റ്റീൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ സൺ ഫാർമ, ഡോ. റെഡീസ്, മാരുതി, ഐറ്റിസി തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു. 


ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 54,277 ൽ നിന്നും റെക്കോർഡായ 54,717 ലെ തടസ്സം മറികടന്ന് ചരിത്രത്തിൽ ആദ്യമായി 55,000 പോയന്റിനെ ചുംബിച്ച് സൂചിക സർവകാല റെക്കോർഡായ 55,487.79 പോയന്റ് വരെ കയറി. വാരാന്ത്യം വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 55,437 പോയന്റിലാണ്. ഈ വാരം സൂചിക ഉറ്റുനോക്കുന്നത് 55,900 പോയന്റിലെ ആദ്യ പ്രതിരോധത്തെയാണ്. വിപണിയിൽ വിൽപന സമ്മർദമുണ്ടായാൽ 54,545 ലും 53,653 ലും താങ്ങ് പ്രതീക്ഷിക്കാം. 
നിഫ്റ്റി സൂചിക മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. 16,238 ൽ നിന്നും 16,349 ലെ മുൻ റെക്കോർഡ് ഭേദിച്ച് സൂചിക 16,543.60 വരെ കുതിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 16,279 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 16,660 ലേയ്ക്ക് ഉയരാൻ സൂചിക നീക്കം നടത്താം. വിദേശ പിൻതുണ നിലനിർത്താനായാൽ 16,792 ലേയ്ക്കും സെപ്റ്റംബറിൽ 17,175 ലേയ്ക്കും നിഫ്റ്റി സൂചിക ഉറ്റുനോക്കാം. ലാഭമെടുപ്പ് വിൽപന സമ്മർദമായി മാറിയാൽ 16,279 ലും 16,030 ലും താങ്ങ് നിലവിലുണ്ട്. 


ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സ്‌റ്റോക്കാസ്റ്റിക് ആർഎസ്‌ഐ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോസ്‌റ്റോക്കാസ്റ്റിക്, സ്‌റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബ്രോട്ടാണ്. അതേസമയം സൂപ്പർ ട്രന്റ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് പോയ വാരം ഇടിവ് നേരിട്ടു. അതേസമയം ബിഎസ്ഇ ലാർജ് ക്യാപ് ഇൻഡക്‌സ് പിന്നിട്ട വാരം ഒന്നര ശതമാനം ഉയർന്നു. മുൻനിരയിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ മൊത്തം 1,60,408.24 കോടി രൂപയുടെ വർധന. 

Latest News