റിയാദ് - ദശകങ്ങള്‍ക്കു മുമ്പ് താന്‍ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ വിദ്യാര്‍ഥികളുടെ സാമ്പത്തിക സഹായത്താല്‍ സൗദി അധ്യാപകന് ജയില്‍ മോചനം. ഒരു ലക്ഷം റിയാലിന്റെ സാമ്പത്തിക ബാധ്യത വീട്ടാന്‍ കഴിയാത്തതിനാലാണ് അധ്യാപകന് ജയിലിലായത്. തടവറയില്‍ വെച്ചാണ് അധ്യാപകനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥന് തിരിച്ചറിഞ്ഞത്. നാലു ദശകത്തിലേറെ കാലം മുമ്പ് തനിക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്കിയ ഗുരുനാഥനാണ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജയിലിലായതെന്ന് മനസ്സിലാക്കിയ അധ്യാപകന് അക്കാലത്തെ തന്റെ സഹപാഠികളുമായി ബന്ധപ്പെടുകയും തങ്ങളുടെ അധ്യാപകന്റെ മോചനത്തിന് ആവശ്യമായ പണം സമാഹരിക്കുകയുമായിരുന്നു.
പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വേഗത്തില്‍ സാമ്പത്തിക ബാധ്യത തീര്‍ത്തതോടെ അധ്യാപകന് ജയില്‍ മോചനം സാധ്യമായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ച് ഊഷ്മളമായി സ്വീകരിച്ചു. സമൂഹത്തില്‍ ഉന്നത തലങ്ങളിലെത്തിയവരും വ്യവസായികളും പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് വിദ്യാര്‍ഥികള്‍ പേരുകള്‍ പറഞ്ഞ് അധ്യാപകനു മുന്നില്‍ സ്വയം പരിചയപ്പെടുത്തുകയും ശിരസ്സില്‍ ചുംബിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുകയും 43 വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും സഹായ വാഗ്ദാനങ്ങള്‍ നടത്തുകയും ചെയ്തു.






