മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക്

കൊല്‍ക്കത്ത- കോണ്‍ഗ്രസ് മുന്‍ എംപിയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ സുസ്മിത ദേവ് പാര്‍ട്ടി വിട്ടു. വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ സുസ്മിത കൊല്‍ക്കത്തയിലെത്തി. തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജിയെ ഉടൻ കാണും. അസമില്‍ ഇനി തൃണമൂലിന്റെ മുഖമായിരിക്കും സുസ്മിതയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 

പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെയാണ് കഴിഞ്ഞ ദിവസം സുസ്മിത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. പൊതുസേവന രംഗത്ത് പുതിയൊരു അധ്യായം തുടങ്ങുന്നതിനെ കുറിച്ചു മാത്രമാണ് അവര്‍ സൂചിപ്പിച്ചിരുന്നത്. മൂന്ന് പതിറ്റാണ്ടു കാലം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന സുസ്മിത അസമിലെ കോണ്‍ഗ്രസ് കുലപതിയും ഏറെ സ്വാധീനമുള്ള ബംഗാളി നേതാവുമായ സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ്. പിതാവിന്റെ ശക്തികേന്ദ്രമായ സില്‍ച്ചാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു.
 

Latest News