ന്യൂദല്‍ഹി- പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയ നടപടി സി.പി.എമ്മിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷമില്ലാത്ത ജനറല്‍ സെക്രട്ടറി എന്ന കരിനിഴല്‍ തന്റെ മേല്‍ പതിക്കാതിരിക്കാന്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാതെ പൊരുതി നില്‍ക്കാമെന്നാണ് യെച്ചൂരിയുടെ പ്രതീക്ഷ.
പോളിറ്റ് ബ്യൂറോയില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് പിന്‍മാറിയതിലൂടെ സീതാറാം യെച്ചൂരി ചരിത്രത്തിന്റെ മറ്റൊരു ആവര്‍ത്തനം ഒഴിവാക്കുകയാണുണ്ടായത്. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ താന്‍ ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെയെന്ന് യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. രാജിവെച്ചു കീഴടങ്ങാതെ വിയോജിപ്പുമായി ശക്തമായി മുന്നോട്ടു പോകും എന്ന സന്ദേശവും യെച്ചൂരി നല്‍കി.
പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ് പാര്‍ട്ടിയിലെ അന്തിമ തീരുമാനം എടുക്കാനുള്ള പരമാധികാരി എന്നു പറഞ്ഞതിലൂടെ തന്റെ നിലപാട് തള്ളിയെങ്കിലും പ്രതീക്ഷകള്‍ വോട്ടിനിട്ട് തള്ളാനാകില്ല എന്നു തന്നെയാണ് യെച്ചൂരി സൂചിപ്പിച്ചത്. കേരളഘടകം ഉള്‍പ്പെടെ ഭൂരിപക്ഷം മറുപക്ഷത്തു നില്‍ക്കുമ്പോഴും പശ്ചിമ ബംഗാള്‍ ഘടകം ഉറച്ചു നല്‍കുന്ന പിന്തുണ തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും യെച്ചൂരിക്കു പ്രതീക്ഷ നല്‍കുന്നത്.
അടുത്ത മാര്‍ച്ചില്‍ നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പും യെച്ചൂരിക്ക് നിര്‍ണായകമാണ്. ത്രിപുരയില്‍ അധികാരം നിലനിറുത്തിയാലും ബി.ജെ.പി മുന്നേറ്റം നടത്തിയാലും യെച്ചൂരിയുടെ വാദത്തിന് പിന്തുണ കൂടാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള കരുത്തായിരിക്കും യെച്ചൂരി നേടുന്നത്. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തെ കുത്തി ത്രിപുരയെ പുകഴ്ത്തിയതിനു പിന്നിലും ഇതേ പ്രതീക്ഷയാണുള്ളത്. സമ്പൂര്‍ണ സാക്ഷരതയില്‍ കേരളത്തെ ത്രിപുര മറികടന്നുവെന്നും ഇന്ത്യയില്‍ മികച്ച ഭരണം നടക്കുന്നത് ത്രിപുരയില്‍ ആണെന്നുമാണ് യെച്ചൂരി പറഞ്ഞത്.
രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച നിലപാട് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും തള്ളപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പോളിറ്റ് ബ്യൂറോയില്‍നിന്നും രാജിവെച്ചിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കാനെന്ന പേരില്‍ ജനസംഘവുമായും മറ്റും സഖ്യം ഉണ്ടാക്കുന്നതിനും എതിരായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജനകീയ പ്രക്ഷോഭങ്ങളെ മറന്ന് അധികാര രാഷ്ട്രീയത്തിന് പിറകെ പോകുന്നതിലും മനം നൊന്തായിരുന്നു സുന്ദരയ്യയുടെ രാജി. അധികാര ഭ്രമം മൂത്ത പാര്‍ട്ടി നേതൃത്വം രാജിവെച്ചു പുതിയ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചു കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജിവെക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ച് മൂന്നൂറിലധികം പേജുകള്‍ വരുന്ന സുന്ദരയ്യയുടെ കത്ത് പുറത്തു വരുന്നത് തന്നെ അദ്ദേഹത്തിന്റെ മരണ ശേഷം ആയതിനാല്‍ അതിന്മേല്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടായില്ല.
1951 ലെ അടവു നയരേഖ ചര്‍ച്ച ചെയ്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ വൈകിക്കുന്നതടക്കം മറ്റു വിഷയങ്ങളും അദ്ദേഹത്തിന്റെ രാജിക്ക് കാരണമായിരുന്നു. 1976 ലാണ് രാജി കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചത്. അന്നു മുതല്‍ ആക്ടിംഗ് സെക്രട്ടറി ഇഎംഎസ് ആയി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1978 ല്‍ ചേര്‍ന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി ഇഎംഎസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. പിന്നീട് നിര്‍ബന്ധിച്ചാണ് പോളിറ്റ് ബ്യൂറോയില്‍ സുന്ദരയ്യയെ നിലനിര്‍ത്തിയത്. ഏതാനും മാസങ്ങള്‍ക്കു ശേഷം സുന്ദരയ്യ പി.ബി അംഗത്വം രാജിവെച്ച് ആന്ധ്ര രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു.
സി.പി.എമ്മിന്റെ ബംഗാള്‍ സിംഹമായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിപ്പിക്കണം എന്ന് അന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നിലപാട് എടുത്തപ്പോള്‍ പ്രധാനമായും പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഉള്‍പ്പടെയുള്ളവരാണ് എതിര്‍പ്പുയര്‍ത്തിയത്. പ്രധാനമന്ത്രി പദത്തില്‍ പാര്‍ട്ടി എത്തുന്നതിനെ അന്നു വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരള നേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു. പിന്നീട് ഹര്‍കിഷകന്റെ നിലപാട് പോളിറ്റ് ബ്യൂറോ തള്ളുകയായിരുന്നു.
ഇപ്പോള്‍ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന നിലപാട് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം വോട്ടിനിട്ടു തള്ളിയെങ്കിലും അടുത്ത അങ്കം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചു കാണാം എന്ന വ്യക്തമായ സൂചനയാണ് യെച്ചൂരി ഇന്നലെ നല്‍കിയത്. തന്റെ നിലപാട് ഭേദഗതി കര്‍ശനമായി തന്നെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിക്കാനാണ് യെച്ചൂരിയുടെ നീക്കം. കൊല്‍ക്കത്തയില്‍ കാണാത്ത പരിഹാരം 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഹൈദരാബാദിലെ വേദിയില്‍ കണ്ടെത്താം എന്നല്ല, മറിച്ച് ഭിന്നതകള്‍ അവിടെയും ഉയര്‍ത്തുമെന്നു തന്നെയാണ് യെച്ചൂരി വ്യക്തമാക്കുന്നത്.
സി.പി.എമ്മിനുള്ളില്‍ തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസുകളുടെ പ്രാധാന്യം അനിഷേധ്യമാണ്. എന്നാല്‍ പാര്‍ട്ടി വിരുദ്ധവും ജനങ്ങള്‍ നിരാകരിക്കുന്നതുമായ നയങ്ങളും തീരുമാനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ മുമ്പ് എടുത്തിട്ടുമുണ്ട്. അവ പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം തീരുമാനങ്ങളില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഗുണപരവും നിഷേധാത്മകവുമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതെല്ലാം നേതൃത്വത്തിന്റെ കൂട്ടായ തീരുമാനങ്ങളെന്ന നിലയില്‍ പാര്‍ട്ടി മൊത്തത്തില്‍ അംഗീകരിക്കുകയുമായിരുന്നില്ല.