Sorry, you need to enable JavaScript to visit this website.

രാജ്യം വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാൻ, അഫ്ഗാൻ മുൻ പ്രസിഡന്റിന്റെ ആദ്യ പ്രസ്താവന

കാബൂൾ- രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് അഫ്ഗാനിൽനിന്ന് പുറത്തുപോയതെന്ന് അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് ഗനി. അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയ ശേഷം നടത്തിയ ആദ്യ പ്രസ്താവനയിലാണ് ഗനി ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിൽനിന്ന് തന്റെ അടുത്ത ഉദ്യോഗസ്ഥർക്കൊപ്പം രാജ്യം വിട്ട ഗനി താജിക്കിസ്ഥാനിലാണ് എന്നാണ് സൂചന. 
ഗനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 
ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു നിമിഷത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നുപോയത്. എന്റെ മുന്നിൽ രണ്ടു ചോയ്‌സാണുള്ളത്. ഒന്ന്, കൊട്ടാരത്തിൽ തുടരുക. മറ്റൊന്ന് രാജ്യം വിടുക. രാജ്യത്തിന്റെ അധികാരവുമായി മുന്നോട്ടുപോയാൽ കഴിഞ്ഞ ഇരുപത് കൊല്ലമായി ഞാൻ എന്റെ ജീവിതം സമർപ്പിച്ച രാജ്യത്തിൽ എണ്ണമറ്റ ആളുകൾ രക്തസാക്ഷികളാകും. കാഹബൂൾ നഗരത്തെ അവർ രക്തത്തിൽ മുക്കും. ആറു ദശലക്ഷം പേർ വസിക്കുന്ന കാബൂൾ നഗരത്തിൽ വൻ രക്തചൊരിച്ചിലാകും സംഭവിക്കുക. രക്തചൊരിച്ചിൽ ഒഴിവാക്കാൻ രാജ്യം വിടുകയാണ് നല്ലതെന്ന് ഞാൻ കരുതി. 
വാളിന്റെയും തോക്കുകളുടെയും ബലത്തിൽ താലിബാൻ വിജയിച്ചു, ഇപ്പോൾ രാജ്യവാസികളുടെ ബഹുമാനവും സമ്പത്തും ആത്മാഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. പക്ഷെ ഹൃദയങ്ങളുടെ നിയമസാധുത അവർ നേടിയില്ല. അവർ ഇപ്പോൾ ഒരു പുതിയ ചരിത്ര പരീക്ഷയെ അഭിമുഖീകരിക്കുന്നു; ഒന്നുകിൽ അവർ അഫ്ഗാനിസ്ഥാന്റെ പേരും ബഹുമാനവും സംരക്ഷിക്കും. അല്ലെങ്കിൽ അവർ മറ്റു പലതിനും മുൻഗണന നൽകും. 
രാജ്യം മുഴുക്കെ ഭയത്തിലാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും വിവിധ മേഖലകൾക്കും സഹോദരിമാർക്കും സ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പുനൽകാനുള്ള ബാധ്യത താലിബാനുണ്ട്.  നിയമസാധുതയും ജനഹൃദയങ്ങളും നേടാൻ താലിബാൻ ഉറപ്പ് നൽകേണ്ടത് ആവശ്യമാണ്. ഇക്കാര്യം അവർ പൊതുജനങ്ങളുമായി പങ്കുവെക്കണം. ഞാൻ എപ്പോഴും എന്റെ രാജ്യത്തെ സേവിക്കുന്നത് തുടരും. ഭാവിയെക്കുറിച്ച് കൂടുതൽ സംസാരിക്കാം. അഫ്ഗാനിസ്ഥാൻ എന്നും നിലനിൽക്കട്ടയെന്നും ഗനി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
 

Latest News