തിരുവനന്തപുരം- ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്ന പരാതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സ ഉണ്ടായിരുന്നു.
രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച് നാല് ദിവസം കഴിഞ്ഞെന്ന് അറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.






