ജിദ്ദ- ഖത്തർ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്ന പ്രവാസികൾ യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ വിമാനതാവളങ്ങളിൽനിന്ന് തിരിച്ചുപോകേണ്ട അവസ്ഥയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാൻ നിലവിൽ ഖത്തർ, മാലി വഴിയാണ് ഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്നത്. അതേസമയം, ഈ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാൻ വിമാനതാവളങ്ങളിൽ എത്തിയ ശേഷം പ്രവാസികള് തിരിച്ചുപോകുന്നതും നിത്യസംഭവമായിട്ടുണ്ട്.
സൗദിയിലേക്ക് ക്വാറന്റീൻ ഇല്ലാതെ വരാൻ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. സൗദിയിലേക്ക് സർവീസ് നടത്തുന്ന ഒരു വിമാനവും ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവരെ ഹോട്ടൽ ക്വാറന്റീൻ ഇല്ലാതെ സൗദിയിലേക്ക് കൊണ്ടുവരുന്നില്ല. സൗദിയിലേക്ക് പുറപ്പെടുന്ന വിമാനതാവളത്തിലും സൗദിയെത്തിയ ശേഷം അതാത് വിമാനതാവളങ്ങളിലും ഉദ്യോഗസ്ഥർ ഇമ്യൂൺ സ്റ്റാറ്റ് കർശനമായി പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇമ്യൂൺ സ്റ്റാറ്റസ് പ്രശ്നമില്ലെന്നും വിമാനതാവളങ്ങളിൽ പരിശോധനയില്ലെന്നും അറിയിച്ചുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ മറപിടിച്ചാണ് പലരും വിമാനതാവളങ്ങളിൽ എത്തുന്നത്. ഇവർക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. താമസിക്കുന്ന മുറി ഒഴിഞ്ഞാണ് ആളുകൾ വിമാനതാവളത്തിൽ എത്തുന്നത്. ഇവർക്ക് തിരിച്ചുപോകേണ്ടി വരുന്നത് ഏറെ പ്രയാസമുണ്ടാക്കും.
തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിലും സൗദിയിലേക്ക് വരുന്നതിന് നിലവിൽ തടസമില്ല. അതേസമയം, പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ഇവർ സൗദിയിലെ ഹോട്ടലിൽ മുറിയെടുത്ത് ഒരാഴ്ചത്തെ ക്വാറന്റീൻ സൗകര്യം ഉറപ്പാക്കണം. അതാത് എയർലൈനുകൾ വഴിയാണ് ഹോട്ടൽ ബുക്കിംഗ് എടുക്കേണ്ടത്. ഏകദേശം 3000 റിയാലാണ് ഇതിന് ആവശ്യമുള്ള ചെലവ്. വിമാനതാവളത്തിലെത്തിയ ശേഷം ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്യാൻ പ്രയാസമാണ്. അതിനാൽ യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ ഇക്കാര്യം ഉറപ്പാക്കണം.
നേരത്തെ തവക്കൽനയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബ്ലോക്കായ പലരുടെയും സ്റ്റാറ്റസ് ഇപ്പോഴും അപ്ഡേറ്റ് ആയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ റിസൽട്ട് വരും. മറ്റു രാജ്യങ്ങളിൽ കഴിയുന്നവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ആകുന്നത് വരെ കാത്തിരിക്കുകയോ അല്ലെങ്കിൽ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്യുകയോ വേണം. കഴിയുന്നതും നാട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പു തന്നെ ഇമ്യൂൺ സ്റ്റാറ്റ് ആകുന്നത് വരെ കാത്തിരിക്കുകയാണ് നല്ലത്. അല്ലെങ്കിൽ സൗദി ക്വാറന്റീൻ അടക്കമുള്ള സൗകര്യം ഉറപ്പാക്കിയ ശേഷം യാത്ര ചെയ്യുക.






