അധ്യാപകന്റെ ആത്മഹത്യ; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം-സാദാചാര ഗുണ്ടായിസത്തിനിരയായി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു യുവാക്കളെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്തി(52)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വലിയോറ പുത്തനങ്ങാടി സ്വദേശികളായ കോരന്‍കുളങ്ങര നിസാമുദീന്‍ (39), കോരംകുളങ്ങര മുജീബ്‌റഹ്മാന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
വീടിനടുത്ത് തന്നെയുള്ള വലിയോറ കുറുക ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ അധ്യാപകനായിരുന്നു സുരേഷ് ചാലിയത്ത്. സ്ക്കൂളിലെ വിദ്യാര്‍ഥിയുടെ മാതാവുമായി വാട്‌സ് ആപ്പ് വഴി ചാറ്റ് ചെയ്തുവെന്നു ആരോപിച്ച് വെള്ളിയാഴ്ച സുരേഷിന്റെ വീട്ടില്‍ ഒരു സംഘമെത്തി ആക്രമിക്കുകയും മറ്റൊരു സ്ഥലത്തേക്കു കൂട്ടി കൊണ്ടു പോവുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ സുരേഷിനു പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
അറസ്റ്റിലായ രണ്ടു പ്രതികളെയും സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീടാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ ഒ.പി മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐമാരായ സത്യപ്രസാദ്, അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു.

 

Latest News