ന്യൂദല്‍ഹി- താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാന നഗരത്തിലെത്തിയതോടെ എയര്‍ ഇന്ത്യയുടെ അവസാന വിമാനം 126 യാത്രക്കാരുമായി കാബൂളില്‍ നിന്ന് ദല്‍ഹിയിലേക്ക് പറന്നു. രാത്രി ദല്‍ഹിയിലിറങ്ങും. അഫ്ഗാനിലെ പുതിയ സാഹചര്യങ്ങളില്‍ എയര്‍ ഇന്ത്യാ സര്‍വീസും അനിശ്ചിതത്വത്തിലായി. ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് കാബൂളിനും ദല്‍ഹിക്കുമിടയില്‍ ഉണ്ടായിരുന്നത്. കാബൂളിലേക്ക് ചാര്‍ട്ടര്‍ ചെയ്ത ഒരു വിമാനം ഇന്ന് റദ്ദാക്കിയിരുന്നു. ഭീകരരുടെ മുന്നേറ്റവും ആക്രമണങ്ങളും വ്യോമ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്.
അമേരിക്ക നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനു പിന്നാലെ കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ ഇരച്ചെത്തിയെന്നാണ് റിപോര്‍ട്ടുകള്‍. അഫ്ഗാന്‍ സര്‍ക്കാര്‍ ഉടന്‍ അധികാരം താലിബാനു കൈമാറുമെന്നും പ്രസിഡന്റ് രാജിവെക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിന്റെ കയ്യിലാണ്. തങ്ങളുടെ ആളുകളെ ഒഴിപ്പിക്കുന്നതിനാണ് ഇപ്പോള്‍ അമേരിക്ക മുന്‍ഗണന നല്‍കുന്നത്. ദുബായിലേക്ക് ടിക്കറ്റ് എടുത്തവരെ കൊണ്ടുപോകാനായി എത്തിയ എമിറേറ്റ്‌സ് വിമാനത്തോട് കാത്തിരിക്കാനാണ് വിമാനത്താവളം അറിയിച്ചത്. തുടര്‍ന്ന് ആശകത്ത് വട്ടമിട്ടു പറക്കേണ്ടി വന്നു.