സുധീരനെ അനുനയിപ്പിക്കാന്‍ കെ.സുധാകരന്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം- ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മുതിര്‍ന്ന നേതാവ് വി.എം സുധീരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ പട്ടികയിലെ വിയോജിപ്പ് സുധീരന്‍ അറിയിച്ചു.
വി.എം സുധീരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി.എം സുധീരന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

ഹൈക്കമാന്റിനു സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് താനടക്കം മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ പലരെയും ഒഴിവാക്കിയതായും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിന്റെ നട്ടെല്ലായ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്കും സ്വീകാര്യരായ ഡി.സി.സി പ്രസിഡന്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നല്‍കാന്‍ ഹൈക്കമാന്റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു.

 

Latest News