Sorry, you need to enable JavaScript to visit this website.

മലേഷ്യയില്‍ പ്രധാനമന്ത്രി മുഹിയിദ്ദീന്‍ രാജിവെക്കും; അടുത്ത നീക്കം രാജാവ് തീരുമാനിക്കും

ക്വാല ലംപുര്‍- മലേഷ്യയില്‍ ഭരണസഖ്യത്തിലുണ്ടായ ഉള്‍പ്പോരിനെ തുടര്‍ന്ന് ഭൂരിപക്ഷ പിന്തുണ നഷ്ടമായ  പ്രധാനമന്ത്രി മുഹിയിദ്ദീന്‍ യാസീന്‍ തിങ്കളാഴ്ച രാജിവെക്കുമെന്ന് റിപോര്‍ട്ട്. പദവി ഒഴിഞ്ഞാല്‍ 17 മാസം നീണ്ട പ്രക്ഷുബ്ധമായ മുഹിയിദ്ദീന്റെ ഭരണത്തിന് അവസാനമാകും. അതേസമയം കോവിഡ് കേസുകളുടെ വര്‍ധനയും സാമ്പത്തിക തിരിച്ചടികളും നേരിടുന്ന രാജ്യത്ത് പ്രധാനമന്ത്രിയുടെ രാജി പുതിയ അനിശ്ചിതത്വത്തിനും കാരണമാകും. സഖ്യത്തില്‍ ഭിന്നത രൂക്ഷമായതോടെ ഇനി ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമല്ല. ആര്‍ക്കും പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷവുമില്ലാത്തതിനാല്‍ ഈ മഹാമാരിക്കിടെ ഇനി തെരഞ്ഞെടുപ്പു നടത്തുമോ എന്നും വ്യക്തമല്ല. രാജാവ് സുല്‍ത്താന്‍ അബ്ദുല്ലയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുക. 

തിങ്കളാഴ്ചാ രാജാവിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി രാജിക്കത്ത് കൈമാറുമെന്ന് മലേഷ്യന്‍ വാര്‍ത്താ പോര്‍ട്ടലായ മലായ്‌സിയാകിനി റിപോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും ഇതിനു ശേഷമായിരിക്കും പ്രധാനന്ത്രിയുടെ രാജിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി മുഹമ്മദ് റെദുസുവാന്‍ പറഞ്ഞു. രാജിക്കാര്യം പ്രധാനമന്ത്രി തന്റെ പാര്‍ട്ടിക്കാരെ അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 

ഭരണസഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ ഈയിടെ പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. സെപ്തംബറില്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കുമെന്ന് വ്യക്തമാക്കിയ മുഹിയിദ്ദീന്‍ രാജിവെക്കാനും സന്നദ്ധനായിരുന്നില്ല. ഇങ്ങനെ തുടരുന്നതിനിടെ ആദ്യമായാണ് പ്രധാനമന്ത്രി തനിക്ക് ഭൂരിപക്ഷമില്ലെന്ന് വെള്ളിയാഴ്ച സമ്മതിച്ചത്.

2020 മാര്‍ച്ചിലാണ് നേരിയ ഭൂരിപക്ഷത്തോടെ മുഹിയിദ്ദാന്‍ പ്രധാനമന്ത്രിയായത്. മുന്‍പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്ന് രാജാവാണ് മുഹിയിദ്ദീനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.  


 

Latest News