മലയാളികള്‍ ഗള്‍ഫ് സ്വപ്നങ്ങളിലേക്ക് വിമാനം കയറുന്നതിന് എത്രയോ മുമ്പ് കറുത്ത കുരുമുളകിന്റെ സുഗന്ധം തേടി അറബികള്‍ കേരളത്തിന്റെ തീരങ്ങളിലേക്ക് നൗക തുഴഞ്ഞിട്ടുണ്ട്. വാസ്‌കോഡഗാമ ശുഭപ്രതീക്ഷാ മുനമ്പ് ചുറ്റി ഇന്ത്യന്‍ തീരത്തേക്ക് വഴി കണ്ടെത്തുന്നതുവരെ അറബികളും ചൈനക്കാരുമൊക്കെയായിരുന്നു അറബിക്കടലില്‍ ചരക്കു ഗതാഗതം നിയന്ത്രിച്ചിരുന്നത്. ആ കപ്പില്‍ചാലിലൂടെ വിശ്വാസവും സംസ്‌കാരവും ഇടതടവില്ലാതെ ഇരു വശങ്ങളിലേക്കും ഒഴുകി. തൊഴില്‍ കരാറുകളും ഭീകരവാദത്തിനെതിരായ പ്രസ്താവനകളുമൊക്കെ ഉഭയകക്ഷി ബന്ധത്തെ വിരസമാക്കുന്നത് സമീപകാലത്താണ്.
നേതാക്കള്‍ തമ്മിലുള്ള ഔദ്യോഗിക സംഭാഷണങ്ങളെന്നതിനെക്കാളുപരി പരസ്പര സ്‌നേഹത്തിന്റെ വിളംബരമായിരുന്നു മുന്‍കാലത്തെ നേതാക്കളുടെ കൂടിക്കാഴ്ചകള്‍. സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയുമൊക്കെ ഇന്ത്യയിലെയും സൗദിയിലെയും സന്ദര്‍ശനങ്ങള്‍ ജനകീയ ഉത്സവമായിരുന്നു.
നാല് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ സൗദിയില്‍ വന്നിട്ടുണ്ട്. ഇബ്‌നു സൗദ് രാജാവും അബ്ദുല്ലാ രാജാവും ഇന്ത്യയും സന്ദര്‍ശിച്ചു. 2010 ല്‍ മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനമൊഴിച്ചാല്‍ ബാക്കിയെല്ലാം ഏറെ ജനകീയമായ ആഘോഷമായി. 2006 ലെ റിപ്പബ്ലിക് ദിനച്ചടങ്ങിന് മുഖ്യാതിഥിയാക്കി അബ്ദുല്ല രാജാവിനെ ഇന്ത്യ ആദരിച്ചു. അന്ന് പ്രോട്ടോകോള്‍ ലംഘിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ രാജാവിനെ സ്വീകരിക്കാനെത്തി.
ചിതറിക്കിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് സൗദി അറേബ്യയെ ഇബ്‌നു സൗദ് ഒരു രാജ്യമായി ഏകോപിപ്പിക്കുന്നത് മുപ്പതുകളുടെ തുടക്കത്തിലാണ്, ഇന്ത്യയില്‍ അപ്പോള്‍ ഉപ്പു സത്യഗ്രഹം കഴിഞ്ഞിട്ടേയുള്ളൂ. ഇബ്‌നു സൗദ് രാജാവിന്റെ ധീരതയെയും കാഴ്ചപ്പാടിനെയും നെഹ്‌റു അഭിനന്ദിച്ചതായാണ് സൗദി രേഖകള്‍. ഇന്ത്യ സ്വതന്ത്രമായ ശേഷം 1948 ല്‍ ഇരു രാജ്യങ്ങളും ഔദ്യോഗിക ബന്ധം തുടങ്ങി. പൂര്‍ണ നയതന്ത്ര ബന്ധം നിലവില്‍ വന്നത് 1954 ലാണ്. അറേബ്യന്‍ മരുഭൂമിക്കു കീഴെ എണ്ണയുടെ സൗഭാഗ്യം കണ്ടെത്തുന്നതിന് ഏറെ മുമ്പാണ് അത്.
പിറ്റേ വര്‍ഷം തന്നെ സൗദിയില്‍നിന്ന് രണ്ട് സുപ്രധാന സന്ദര്‍ശനങ്ങള്‍ ഉണ്ടായി എന്നത് ഇന്ത്യക്ക് സൗദി ഭരണത്തലവന്മാര്‍ നല്‍കിയ പ്രാധാന്യം വിളിച്ചോതുന്നു. പ്രധാനമന്ത്രിയും വിദേശമന്ത്രിയും കിരീടാവകാശിയുമായ ഫൈസല്‍ രാജകുമാരന്‍ 1955 മേയില്‍ ഇന്ത്യയിലെത്തി, നവംബറില്‍ ഇബ്‌നു സൗദ് രാജാവും വന്നു. പിറ്റേ വര്‍ഷം പ്രധാനമന്ത്രി നെഹ്‌റു സൗദി സന്ദര്‍ശനത്തിനെത്തി. പൗരാണികകാലം മുതല്‍ നിലനിന്ന ഊഷ്മളബന്ധം വിളക്കിച്ചേര്‍ക്കാനുള്ള വലിയ തുടക്കമാവേണ്ടിയിരുന്നു അത്. പക്ഷെ സാംസ്‌കാരികമായും സാമ്പത്തികമായും ഇത്രയേറെ അടുപ്പമുണ്ടായിട്ടും, പില്‍ക്കാലത്ത് ആ ഊഷ്മളത നിലനിര്‍ത്താനായില്ല എന്നത് കാലഘട്ടത്തിന്റെ നഷ്ടം.
ഇബ്‌നു സൗദ് രാജാവിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം 17 ദിവസമാണ് നീണ്ടുനിന്നത്. ബോംബെയും ഹൈദരാബാദും മൈസൂരും സിംലയും ആഗ്രയും അലിഗഢും വാരാണസിയുമൊക്കെ അദ്ദേഹം ചുറ്റിനടന്നു കണ്ടു. എല്ലായിടത്തും എണ്ണയുടെ വഴുവഴുപ്പില്ലാത്ത സ്‌നേഹച്ചൂട് കൊണ്ട് ജനങ്ങള്‍ രാജാവിനെ സ്വീകരിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ സുരക്ഷിതമായ കരങ്ങളിലാണെന്ന് ലോകമെങ്ങുമുള്ള മുസ്‌ലിം സഹോദരന്മാരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇബ്‌നു സൗദ് പ്രഖ്യാപിച്ചു.
പിറ്റേ വര്‍ഷം സൗദി കലര്‍പ്പില്ലാത്ത അറബ് ആതിഥ്യമര്യാദയോടെ നെഹ്‌റുവിന് ആ സ്‌നേഹം തിരിച്ചുനല്‍കി. 'ദ ഹിന്ദു' പത്രം ആ സ്വീകരണത്തെ വിവരിച്ചത് ഇങ്ങനെ: 'ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ സെപ്റ്റംബര്‍ 24 ന് റിയാദില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ആവേശം തിരതല്ലിയ സ്വീകരണമാണ് ലഭിച്ചത്. മന്ത്രിമാരും സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥരുമുള്‍പ്പെടെ വന്‍ ജനക്കൂട്ടം വിമാനത്താവളത്തില്‍ കാത്തുനിന്നു. കിരീടാവകാശി ഫൈസല്‍ രാജകുമാരന്‍ നെഹ്‌റുവിനെ സ്വീകരിച്ചപ്പോള്‍ ആയിരിക്കണക്കിനാളുകള്‍ കൈയടിച്ച് ആനന്ദം രേഖപ്പെടുത്തി. സമാധാനത്തിന്റെ സന്ദേശവാഹകന് സ്വാഗതം (മര്‍ഹബ, യാ റസൂലേ സലാം) എന്ന് അവര്‍ ആര്‍ത്തുവിളിച്ചു. ആദ്യം ദഹ്‌റാനിലും ഒരു മണിക്കൂറിനു ശേഷം റിയാദിലും സൗദിയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശ നേതാവിനെ കാണാന്‍ പര്‍ദയണിഞ്ഞ അറബ് വനിതകള്‍ എത്തി. വിമാനത്തിന്റെ പടവുകളിറങ്ങി വന്ന നെഹ്‌റുവിനെ തമ്പുകള്‍ക്കുള്ളിലും തിളങ്ങുന്ന കാഡിലാക് കാറുകള്‍ക്കുള്ളിലും ഇരുന്നു മുഖമറ നീക്കി അവര്‍ ഒരു നോക്കു കണ്ടു. അവരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് നെഹ്‌റു പ്രഖ്യാപിച്ചു: പ്രശസ്തമായ ഈ നാടിലേക്ക് ഞാന്‍ വന്നിരിക്കുന്നു, സമാധാനത്തിന്റെ തീര്‍ഥാടകനായി'.
ജിദ്ദയിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച് മറ്റൊരു വിദേശ നേതാവിനും നല്‍കാത്ത ആദരവാണ് നെഹ്‌റുവിനോട് സൗദി പ്രകടിപ്പിച്ചത്. കാല്‍ നൂറ്റാണ്ട് കഴിഞ്ഞാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി മണ്ണില്‍ കാലുകുത്തുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ സൗദിയിലെത്തി ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാപ്രിയദര്‍ശിനി ഈ രാജ്യം സന്ദര്‍ശിച്ചത്. മിനി സ്‌കേര്‍ടും അരക്കൈ കുപ്പായവും ധരിക്കാറുള്ള താച്ചര്‍ സൗദിയുടെ സാംസ്‌കാരിക മര്യാദകള്‍ പാലിക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. പൊതുവെ മുഴുക്കൈ കുപ്പായം ധരിക്കാറുള്ള, സാരിത്തലപ്പുകള്‍ കൊണ്ട് തല മറക്കാറുള്ള ഇന്ദിരക്ക് ആ വിഷമമൊന്നും ഉണ്ടായില്ല. ഖാലിദ് രാജാവ് അനാരോഗ്യം കാരണം പ്രയാസപ്പെടുന്ന സമയമായിരുന്നു അത്. കിരീടാവകാശി ഫഹദ് രാജകുമാരനായിരുന്നു ഇന്ദിരയുമായി സംസാരിച്ചത്. സൗദി ഭരണകൂടവും ഇവിടത്തെ പൗരന്മാരും പ്രവാസികളും ആ സന്ദര്‍ശനത്തെ ചരിത്രസംഭവമാക്കി. 'മൈ ഇയേഴ്‌സ് വിത്ത് ഇന്ദിരാഗാന്ധി' എന്ന പുസ്തകത്തില്‍ ആ സന്ദര്‍ശനത്തെ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.സി. അലക്‌സാണ്ടര്‍ വിശദമായി വിവരിക്കുന്നുണ്ട്.
1982 ഏപ്രില്‍ 17 നാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയും സംഘവും ഉച്ചക്ക് പന്ത്രണ്ടരയോടെ ജിദ്ദയില്‍ വിമാനമിറങ്ങിയത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, വ്യോമയാന മന്ത്രി ഖുര്‍ഷിദ് ആലം ഖാന്‍, റെയില്‍വേ മന്ത്രി ജാഫര്‍ ശരീഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് രാജീവ്ഗാന്ധിയും എത്തി. ജിദ്ദയിലെ പ്രധാന ചടങ്ങ് ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിടലായിരുന്നു. ഈ ഇസ്‌ലാമിക നഗരത്തില്‍ ഇത്ര വലിയ ഇന്ത്യക്കാരുടെ സംഘത്തെ കണ്ട് പ്രധാനമന്ത്രി അമ്പരന്നു പോയെന്ന് അലക്‌സാണ്ടര്‍ എഴുതുന്നു. വലിയ പദവികളിലിരിക്കുന്നവരുള്‍പ്പെടെ ഇന്ത്യക്കാര്‍ സന്തോഷപൂര്‍വമാണ് ജിദ്ദയിലെ സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കുന്നതെന്ന് തോന്നിയതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ജിദ്ദയിലേക്ക് വിമാനമിറങ്ങുമ്പോള്‍ നഗരം വലിയൊരു നിര്‍മാണമേഖലയായാണ് ഇന്ത്യന്‍ സംഘത്തിന് തോന്നിയത്. എണ്ണപ്പണം നഗരത്തില്‍ മാറ്റങ്ങളുടെ കുത്തൊഴുക്കിന് തുടക്കമിടുകയായിരുന്നു.
വലിയ അലങ്കാരങ്ങളുള്ള ആഡംബരപൂര്‍ണമായ കെട്ടിടങ്ങളാണ് ഇന്ദിരാഗാന്ധിക്കും സംഘത്തിനുമായി റിയാദില്‍ ഒരുക്കിവെച്ചത്. സ്വപ്നതുല്യമായ മാര്‍ബിളുകളും പരവതാനികളും തൂക്കുവിളക്കുകളും മരുഭൂതലസ്ഥാനമായിട്ടും തങ്ങളുടെ മുറികളില്‍ നിര്‍ലോഭം ലഭിച്ച പുഷ്പങ്ങളും അവര്‍ക്ക് അദ്ഭുതക്കാഴ്ചകളായി. പ്രധാനമന്ത്രിയോട് അങ്ങേയറ്റത്തെ ആദരവാണ് സൗദി ഭരണത്തലവന്മാരും ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചതെന്ന് അലക്‌സാണ്ടര്‍ പറയുന്നു. സൗദ് രാജകുമാരന്റെയും പെട്രോളിയം മന്ത്രി ശെയ്ഖ് യമാനിയുടെയും അറിവും അവഗാഹവും ഇന്ദിരയില്‍ വലിയ മതിപ്പുളവാക്കി. ഖാലിദ് രാജാവ് ഒരുക്കിയ വിരുന്നില്‍ ഫഹദ്, അബ്ദുല്ല, സുല്‍ത്താന്‍, സൗദ് തുടങ്ങി മുതിര്‍ന്ന രാജകുമാരന്മാരെല്ലാം പങ്കെടുത്തു. മുന്നൂറോളം അതിഥികള്‍ക്കും ആതിഥേയര്‍ക്കുമിടയില്‍ ഒരേയൊരു വനിത ഇന്ദിര മാത്രമായിരുന്നു. റിയാദില്‍ നടന്ന കുതിരപ്പന്തയത്തില്‍ ഇന്ദിരാഗാന്ധിയുടെ പേരില്‍ ട്രോഫി സമ്മാനിച്ചു. പിറ്റേന്ന് ദമാമില്‍നിന്ന് ഇന്ദിരയെ വിമാനത്താവളം വരെ അനുഗമിക്കാന്‍ ഫഹദ് രാജകുമാരന്‍ എത്തി. അവസാനിക്കാത്തതെന്നു തോന്നിയ നിര്‍മാണങ്ങളുടെ ബഹളങ്ങള്‍ക്കിടയിലും സൗദി കാത്തുസൂക്ഷിച്ച അറബ് സംസ്‌കാരത്തനിമയും തുല്യതയില്ലാത്ത ആഡംബരത്തിനിടയിലും കെടാതെ നിര്‍ത്തിയ ആതിഥ്യ മര്യാദയും തങ്ങളെ സ്പര്‍ശിച്ചുവെന്നും പുണ്യമക്കയുടെ സാന്നിധ്യമാവാം ഇതിനു കാരണമെന്നും അലക്‌സാണ്ടര്‍ നിരീക്ഷിക്കുന്നു.
ഉള്‍പുളകത്തോടെ ഓര്‍ക്കാവുന്ന വിരുന്നു വരവുകളായിരുന്നു ഇതൊക്കെ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പലതലങ്ങളിലേക്ക് വളര്‍ന്നു. പക്ഷെ അതില്‍ സ്‌നേഹത്തിന്റെ കണ്ണി എവിടെയോ മുറിഞ്ഞുപോയി. ഇന്ത്യയുടെ മുന്‍ഗണനാക്രമങ്ങളില്‍നിന്ന് അറബ് മേഖല പതിയെ താഴോട്ടുപോയി. ഇനിയൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇത്രയേറെ സ്‌നേഹപൂര്‍ണമായ വരവേല്‍പ് ലഭിക്കുമോയെന്ന് സംശയം.