ഹെയ്തി ഭൂകമ്പത്തില്‍ മരണം 304; കാണാതായ നിരവധി പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു

പോര്‍ട്ടോ പ്രിന്‍സ്- ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കരീബിയന്‍ ദ്വീപു രാഷ്ട്രമായ ഹെയ്തിയില്‍ ശനിയാഴ്ചയുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലും മറ്റും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് തര്‍ന്നത്. 2010ല്‍ ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്നും പൂര്‍ണമായും മോചിതരാകുന്നതിനു മുമ്പാണ് ശനിയാഴ്ച മറ്റൊരു വന്‍ ദുരന്തം കൂടി ഉണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ജനസാന്ദ്രത ഏറിയ തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ്. അല്‍പ്പ സമയം നീണ്ടു നിന്ന് ഭൂചലനത്തില്‍ വീടുകളും സ്‌കൂളുകളും മറ്റു കെട്ടിടങ്ങളും വിറച്ച് തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 

ആദ്യം 29 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇതു വൈകാതെ 304 ആയി ഉയര്‍ന്നു. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ മാത്രം 160 പേര്‍ മരിച്ചു. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ക്കു പുറമെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹെയ്തിയില്‍ ഉടന്‍ സഹായമെത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നപടപികള്‍ ആരംഭിച്ചു.
 

Latest News