സൗദി അറേബ്യയും ഇന്ത്യയുമായുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. കോഴിക്കോട് നഗരത്തിന് കാലിക്കൂത്ത് എന്ന് പേര് നൽകിയത് അറബികളാണല്ലോ. സായിപ്പിന് അതുച്ചരിക്കാൻ പ്രയാസമായപ്പോൾ കാലിക്കറ്റായി മാറുകയായിരുന്നു. ആധുനിക കാലത്തും ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദം പൂത്തുലയുകയാണ്. ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്ത ഒരു പ്രവിശ്യയും സൗദി അറേബ്യയിലില്ല. സമുദ്ര നരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ വിരാജിക്കുന്ന അബഹ മലനിരകളിലും മലയാളിയുടെ ചായക്കടയുണ്ട്. സൗദി തലസ്ഥാന നഗരമായ റിയാദിന് അലങ്കാരമാവുന്ന മെട്രോ പദ്ധതിയ്ക്ക് പിന്നിലും ഇന്ത്യൻ സ്ഥാപനമായ എൽ ആന്റ് ടിയുടെ കരസ്പർശമുണ്ട്. അറബികൾക്ക് സുപരിചത നാമങ്ങളാണ് നെഹ്‌റു, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവർ. ചേരിചേരാ രാജ്യങ്ങളുടെ നായകസ്ഥാനം ഇന്ത്യ അലങ്കരിച്ചിരുന്ന കാലം അവിസ്മരണീയമാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് 75-ാം സ്വാത്രന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യ. രാജ്യത്തെ ജനസംഖ്യയിൽ എഴുപത് ശതമാനത്തിലേറെയും മുപ്പത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ളവരാണ്. ദിശാബോധവും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രീയ നേതൃത്വവും കൂടിച്ചേർന്നാൽ പറന്നുയരുകയെന്നത് എളുപ്പമാവും. ആഗോള വൽക്കരണത്തിലൂടെ നേട്ടമുണ്ടാക്കിയ രാജ്യമാണ് ഇന്ത്യ. വിദേശ വിപണിയുടെ അനന്ത സാധ്യതകളാണ് ഇന്ത്യക്ക് മുമ്പിൽ തുറന്നു കിട്ടിയത്. തുണിത്തരങ്ങൾ മുതൽ ഐ.ടി ഉൽപന്നങ്ങൾ വരെ മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ അഭിമാനത്തോടെയാണ് ലോക വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിൽ നിർമിച്ച ഭക്ഷ്യവസ്തുക്കളുടെ മുഖ്യ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ. നരേന്ദ്ര മോഡി തുടക്കം കുറിച്ച മെയ്ക് ഇൻ ഇന്ത്യ കാമ്പയിനും ഇന്ത്യക്ക് ഗുണം ചെയ്യുന്നുണ്ട്.
ഐക്യത്തിലൂടെ മാത്രമേ ഇന്ത്യ മുന്നേറിയിട്ടുള്ളൂ. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മനസ്സുമായി കഴിയുന്നവർ. 1971 വരെ രണ്ട് പാക്കിസ്ഥാനുണ്ടായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറ് ഇപ്പോൾ കാണുന്ന പാക്കിസ്ഥാനും പൂർവേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പാക്കിസ്ഥാനും. ബംഗ്ലാദേശിന്റെ പിറവിയിൽ ഇന്ത്യ നിർണായക പങ്ക് വഹിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മതേതര വീക്ഷണം പരക്കെ പ്രശംസിക്കപ്പെട്ട ഒന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും മഹത്തായ ദേശീയ നേതാവാണ് ജവഹർലാൽ നെഹ്‌റു. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും സഹിഷ്ണുതാബോധവും മതിപ്പു പിടിച്ചു പറ്റി.

2014 മുതൽ ഇന്ത്യയുടെ ഭരണസാരഥ്യം കൈയാളുന്ന നരേന്ദ്രമോഡിയുടെ കാലത്ത് സൗദി-ഇന്ത്യ സൗഹൃദം കൂടുതൽ ഊഷ്മളവാവുകയാണ്. രണ്ട് തവണ മോഡി സൗദി അറേബ്യ സന്ദർശിച്ചു. കാലാവസ്ഥ ഉച്ചകോടിയിലേക്ക് സൗദി അറേബ്യ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് അവാർഡ് നൽകി ആദരിച്ചിട്ടുമുണ്ട്.
അബ്ദുല്ല രാജാവ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയത് ഇരു രാജ്യങ്ങളേയും കൂടുതൽ അടുപ്പിച്ചു. ഇന്ത്യക്കാർ പ്രവാസികളായി കഴിയുന്ന ധാരാളം രാജ്യങ്ങൾ ഭൂമുഖത്തുണ്ട്. കാനഡയിലും അമേരിക്കയിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും മറ്റുമെല്ലാം ഇന്ത്യക്കാരുണ്ട്. ഇവയിൽ പല രാജ്യങ്ങളിലും എത്തണമെങ്കിൽ ഇംഗഌഷിൽ നന്നായി സംസാരിക്കാനാവണം. അതിനുള്ള പ്രാഗത്ഭ്യം അളക്കാൻ ടോഫൽ മുതലിങ്ങോട്ട് പരീക്ഷകൾ പലതുമുണ്ട്. വികസിത രാജ്യങ്ങൾ പ്രൊഫഷണലുകളുടെ കുടിയേറ്റത്തിനാണ് മുൻഗണന നൽകുന്നത്. ഇത്തരം യാതൊരു നിയന്ത്രണവുമില്ലാതെ അതിഥി തൊഴിലാളികളെ സ്വീകരിക്കുന്ന വിശാല മനസ്‌കതയുള്ള രാജ്യമാണ് സൗദി അറേബ്യ. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. മുപ്പത് ലക്ഷത്തോളം വരും. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള നാടെന്ന ഖ്യാതി വർഷങ്ങളോളം സൗദിക്കായിരുന്നു. ഏത് പാവപ്പെട്ടവനും ജീവിത മാർഗം കണ്ടെത്താൻ വഴിയൊരുക്കുന്നതിനൊപ്പം നാട്ടുകാരുടെ എന്ന പോലെ വിദേശികളുടേയും ആരോഗ്യ, ക്ഷേമകാര്യങ്ങൾ താൽപര്യപൂർവം പരിഗണിക്കുന്ന രാജ്യമാണ് പുണ്യഭൂമി.
സൗദി അറേബ്യയിൽ കഴിയുന്ന വിദേശികളുൾപ്പെടെയുള്ളവർക്ക് നല്ല ആരോഗ്യം, മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ ജീവിതം എന്നിവ ഭരണകൂടം പ്രദാനം ചെയ്യുന്നു. ഇനിയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളെന്നതാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ മനസ്സിലുള്ളത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പുരോഗമന കാഴ്ചപ്പാടുകളാണ് സൗദി അറേബ്യയുടെ കുതിപ്പിന് ഉത്തേജനം പകരുന്നത്. വനിതകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നിട്ട അദ്ദേഹം ദേശീയ വികസനത്തിന് അടിത്തറ പാകി.
1938 ലാണ് സൗദിയിൽ എണ്ണ കണ്ടെത്തുന്നത്. നാൽപതുകളുടെ ഒടുക്കത്തിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ വികസന പ്രക്രിയക്ക് ആക്കം കൂടി. ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഭൂമിയിലെ എണ്ണ സമ്പാദ്യത്തിന്റെ നാലിലൊന്നും രാജ്യത്താണ്. ലോകത്തെ തലയെടുപ്പുള്ള രാജ്യമായി സൗദി അറേബ്യ മുന്നേറുമ്പോൾ രാഷ്ട്രശിൽപി അബ്ദുൽ അസീസ് രാജാവിന്റെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കുന്നത്.

നൂറ്റി ഇരുപത് രാജ്യങ്ങളിലെ കോടിയിലേറെ പ്രവാസികൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. ലോകത്തെ നിരവധി ദേശീയതകളുടെ ഏകഭാവം ജിദ്ദ നഗരഹൃദയമായ ബലദിൽ മിന്നിമായുന്ന മുഖങ്ങളിൽ വായിച്ചെടുക്കാനാവും. ഏകദേശം നൂറ് ദേശീയതകളെങ്കിലും ജിദ്ദയിലുണ്ട്. ഒരു വേള ലണ്ടൻ, ദുബായ്, സിംഗപ്പൂർ, ന്യൂയോർക്ക് തുടങ്ങിയ ലോക നഗരങ്ങൾക്ക് പോലും ഈ നേട്ടമുണ്ടാവാൻ സാധ്യതയില്ല. ഹജ്-ഉംറ കാലങ്ങളിൽ മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവർ തീർഥാടനത്തിന് ഇവിടെയത്തും. ജപ്പാൻ, കൊറിയ, തായ്‌ലന്റ്, ചൈന, മുതൽ പടിഞ്ഞാറേക്കരയിൽ അമേരിക്കയും കാനഡയുമുൾപ്പെടെ സൗദിയുമായി സജീവ വാണിജ്യ ബന്ധങ്ങളുള്ള രാജ്യങ്ങളുടെ കണക്ക് കൂടി പരിഗണിക്കുമ്പോൾ മിനിമം നൂറ് ദേശീയതയെന്ന കണക്കിൽ അതിശയോക്തി ഒട്ടുമില്ലെന്ന് ബോധ്യമാവും.
റെയിൽ വിപ്ലവമാണ് ഇപ്പോൾ സൗദിയിൽ. മക്കയിൽ നിന്ന് മദീനയിലേക്ക് മൂന്ന് മണിക്കൂറിൽ താഴെ സമയമെടുത്ത് യാത്ര ചെയ്യാവുന്ന ഹൈസ്പീഡ് റെയിൽവേയുണ്ട്. ഇതിന് പുറമേ റിയാദിൽ നിന്ന് ഖുറയാത്തിലേക്ക് തീവണ്ടി സർവീസായി. ജിദ്ദയെ റിയാദും ദമാമുമായും ബന്ധിപ്പിക്കാനുള്ള ബൃഹത്പദ്ധതികൾ വരുന്നു. അതായത് മലയാളികളുടെ പുതുതലമുറയും അവസരങ്ങൾ തേടി ഈ നാട്ടിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കൂറ്റൻ പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ദുബായിലെ ബുർജ് ഖലീഫയെ വെല്ലുന്ന വിധം ലോകത്തെ ഏറ്റവും ഉയരം കൂടിയ കിംഗ്ഡം ടവറിന്റെ നിർമാണം ജിദ്ദയിൽ പുരോഗമിക്കുന്നുണ്ട്.
രണ്ടോ, മൂന്നോ ദശകങ്ങൾപ്പുറം ഇവിടെ താമസിച്ച് വീണ്ടും സൗദി അറേബ്യയിലെത്തിയ വിദേശികൾ കണ്ടാൽ തിരിച്ചറിയാൻ പ്രയാസപ്പെടും വിധത്തിലാണ് രാജ്യത്തിന്റെ മാറ്റം. എൺപത് ലക്ഷം യാത്രക്കാർക്കായി നിർമിച്ചതാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. പ്രതിവർഷം മൂന്ന് കോടി യാത്രക്കാാണ്. തലയെടുപ്പുള്ള പുതിയ താവളം ചെങ്കടലിന്റെ റാണിക്ക് മകുടം ചാർത്തുന്നു. ടെർമിനലുകളിലേക്ക് യാത്ര ചെയ്യാൻ മോണോ റെയിൽ സംവിധാനമുണ്ട്. ദമാം, അൽകോബാർ, ദഹ്‌റാൻ പട്ടണങ്ങളും ലോകോത്തര നിലവാരത്തിലേക്ക് മാറുന്നു. വ്യവസായ, വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിർമിതിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. പുരോഗതിയുടെ അടിസ്ഥാനമായ പശ്ചാത്തല സൗകര്യമൊരുക്കുന്ന വിഷയത്തിൽ ഭരണാധികാരികൾ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു വരികയാണ്.
മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് അര നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. സൗദി അറേബ്യയുടെ ഏത് ഗ്രാമത്തിലും മലയാള ഭാഷ സംസാരിക്കുന്നവരെ കാണാനാവും. ഓടിക്കുന്ന ട്രെയ്‌ലറിന്റെ ബോഡിയിലെവിടെയെങ്കിലും കെ.എൽ 10 എന്നെഴുതി രസിക്കുന്ന എത്രയെങ്കിലും ഡ്രൈവർമാരെ എക്‌സ്പ്രസ് ഹൈവേകളിൽ കാണാനാവും. പുണ്യ കേന്ദ്രങ്ങളുടെ കവാട നഗരമായ ജിദ്ദയിൽ സ്വാഭാവികമായും മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളാണ് കൂടുതലും. ഉംറ വിസയിലെത്തി ആദ്യ കാലങ്ങളിൽ ഏറെ കഷ്ടതയനുഭവിച്ചവരും കൂട്ടത്തിലുണ്ട്.
സൗദി അറേബ്യയിൽ കണ്ട മാതൃകയാക്കാവുന്ന ചില കാഴ്ചകളുമുണ്ട്. നിത്യേന ടൺ കണക്കിന് ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നവരാണ് മലയാളികൾ. ഭക്ഷണത്തെ ബഹുമാനിക്കുന്നതിൽ അറബികളെ കണ്ടുപഠിക്കണം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന തത്വത്തിന്റെ പ്രായോഗിക വൽക്കരണമാണിവിടെ ഏതാനും ഹലലക്ക് ലഭിക്കുന്ന കുബ്ബൂസ് മുതൽ വിലയേറിയ ഭക്ഷ്യവിഭവം വരെ ഇവിടെ പാഴാവുന്നില്ല. ഭക്ഷണത്തെ ബഹുമാനിക്കുന്നതിൽ അറബികളെ കണ്ടുപഠിക്കണം. ഏതാനും ഹലാലക്ക് ലഭിക്കുന്ന കുബ്ബൂസ് മുതൽ വിലയേറിയ ഭക്ഷ്യവിഭവം വരെ ഇവിടെ പാഴാവുന്നില്ല. ആവശ്യം കഴിഞ്ഞുള്ളത് റോഡരികിലെ കുപ്പത്തൊട്ടിയുടെ അരികിൽ കൊളുത്തിയിടുകയാണ് സ്വദേശികളുടെ രീതി. വിശന്നു വലഞ്ഞെത്തുന്നവർ ദാനം ചെയ്തത് ആരെന്നറിയാതെ ഇതെടുത്തു കൊണ്ടുപോയി കഴിക്കുന്നു. എത്ര ഉദാത്തമായ മാതൃക? ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന തത്വത്തിന്റെ പ്രായോഗികവൽക്കരണം.






