ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.
ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാല്‍ ട്വിറ്ററിന്റെ നടപടിയെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.
അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റര്‍ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നത്. സര്‍ക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കണോ? -യുട്യൂബ് ചാനലിലൂടെ രാഹുല്‍ ചോദിച്ചു.