ലോസ് ആഞ്ചലസ്- രണ്ട് വയസ്സും 10 മാസവും പ്രായമായ രണ്ട് പിഞ്ചു മക്കളെ 40കാരന്‍ വെടിവച്ചുകൊലപ്പെടുത്തി. കുട്ടികളില്‍ പാമ്പിന്റെ ഡിഎന്‍എ ഉണ്ടെന്നും ഇവര്‍ വളര്‍ന്നാല്‍ രാക്ഷസരൂപികളായി മാറുമെന്നും പറഞ്ഞാണ് പിതാവായ മാത്യൂ ടയ്‌ലര്‍ കോള്‍മാന്‍ സ്വന്തം മക്കളെ വെടിവച്ചു കൊന്നത്. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയമായിരുന്നുവെന്നും എന്നാല്‍ താന്‍ ലോകത്തെ രക്ഷിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റെിഗേഷന്‍ (എഫ്.ബി.ഐ) ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
കുട്ടികളെ അയല്‍രാജ്യമായ മെക്‌സിക്കോയിലേക്ക് കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്. ശേഷം അതിര്‍ത്തി കടന്ന് യുഎസില്‍ എത്തിയ ഉടന്‍ കോള്‍മാന്‍ എഫ്ബിഐ പിടിയിലായി. വീട്ടില്‍ നിന്ന് കുട്ടികളെ കൊണ്ടു പോയതായി കോള്‍മാന്റെ ഭാര്യ ഓഗസ്റ്റ് ഏഴിന് പരാതിപ്പെട്ടിരുന്നു. എവിടേക്കാണ് കൊണ്ടു പോയതെന്നോ എന്തിനാണെന്നോ കോള്‍മാന്‍ ഭാര്യയോട് പറഞ്ഞിരുന്നില്ല. ഫോണ്‍ വിളികള്‍ക്കും മെസേജുകള്‍ക്കും മറുപടി ലഭിക്കാതെ വന്നതോടെയാണ് അധികൃതരെ ഭാര്യ വിവരമറിയിച്ചത്.
പിന്നീട് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പോലീസ് കോള്‍മാന്‍ മെക്‌സിക്കോയിലെ റോസാരിതോയില്‍ ഉള്ളതായി തിരിച്ചറിഞ്ഞു. അടുത്ത ദിവസം അതിര്‍ത്തി കടന്ന് യുഎസിലേക്ക് പ്രവേശിച്ചയുടന്‍ എഫ്ബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു കുട്ടികളേയും വെടിവച്ചു കൊന്നതായി കോള്‍മാന്‍ കുറ്റം സമ്മതിച്ചു. മൃതദേഹങ്ങള്‍ മെക്‌സിക്കോയില്‍ ഉപേക്ഷിച്ചതായും വെളിപ്പെടുത്തി. ഇവ പിന്നീട് മെക്‌സിക്കോ പോലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികള്‍ രാക്ഷസരൂപികളായി വളരുകയായിരുന്നുവെന്നും അവരെ കൊല്ലേണ്ടത് അത്യാവശ്യമായിരുന്നെന്നും കോള്‍മാന്‍ പറഞ്ഞു. തന്റെ ഭാര്യയില്‍ പാമ്പിന്റെ ഡിഎന്‍എ ഉണ്ടെന്നും ഇവ കുട്ടികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതായും ഇയാള്‍ അവകാശപ്പെട്ടു. യുഎസിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ക്യുഅനന്‍ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ സ്വാധീനത്തിലായിരുന്നു കോള്‍മാന്‍ എന്നും പോലീസ് പറയുന്നു.