കൊൽക്കത്ത- കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. 55-നെതിരെ 31 വോട്ടുകൾക്കാണ് യെച്ചൂരിയുടെ പ്രമേയം തള്ളിയത്. പ്രമേയം തള്ളിയാൽ താൻ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സീതാറാം യെച്ചൂരി ഇന്നലെ യോഗത്തിൽ അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ പ്രകാശ് കാരാട്ട് പക്ഷം വഴങ്ങിയില്ല. കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിർപ്പാണ് കാരാട്ട് പക്ഷത്തിന് വിജയിക്കാൻ കാരണമായത്. പശ്ചിമബംഗാൾ ഘടകം കോൺഗ്രസുമായി സഖ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. രൂക്ഷമായ ഭാഷയിലാണ് പശ്ചിമബംഗാളിൽനിന്നുളള അംഗങ്ങൾ കോൺഗ്രസുമായുള്ള സഖ്യം വേണമെന്ന് വാദിച്ചത്. എന്നാൽ ഇതിനെ അംഗീകരിക്കാൻ കാരാട്ട് പക്ഷം തയ്യാറായില്ല.