Sorry, you need to enable JavaScript to visit this website.

കേരളത്തിലും വിദേശങ്ങളിലുമായി 10 സമര വേദികളിലായി പ്രവാസി പ്രക്ഷോഭം

പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.
  • പുനരധിവാസത്തിന് പ്രത്യേക പദ്ധതി വേണം 

തിരുവനന്തപുരം - കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്ന് പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭം കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു. 
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജീവിത ദുരിതവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികളോട് മുഖ്യമന്ത്രി മുമ്പ് നൽകിയ വാക്ക് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്നവർക്ക് ആറു മാസത്തെ വരുമാനവും 100 കോടി രൂപയുടെ പുനരധിവാസ പാക്കേജും ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവ രണ്ടും നടപ്പിലാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഹമീദ് വാണിയമ്പലം കൂട്ടിചേർത്തു.
കോവിഡ്മൂലം മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരെ രാജ്യത്തിന്റെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അവരുടെ ആശ്രിതർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സഹായങ്ങൾ ലഭ്യമാക്കണമെന്നും അധ്യക്ഷത വഹിച്ച ഫോറം പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഗൾഫിൽ പ്രയാസപ്പെടുന്നവർക്ക് വേണ്ടി എംബസികളിൽ കെട്ടികിടക്കുന്ന കമ്യൂണിറ്റി വെൽഫയർ ഫണ്ട് പൂർണമായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


കേരളത്തിലും വിദേശങ്ങളിലുമായി സജ്ജമാക്കിയ 10 സമരവേദികളിൽ നിന്ന് പ്രവാസി സംഘനാ നേതാക്കളും ആക്ടിവിസ്റ്റുകളും പ്രവാസി പ്രക്ഷോഭത്തിൽ അണിചേർന്നു. പരിപാടിയിൽ കെ.എ. ഷെഫീക്ക്, സുരേന്ദ്രൻ കരിപ്പുഴ, സലാഹുദ്ദീൻ കക്കോടി എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്ന് അൻവർ സഈദ്, ലായിഖ് അഹ്മദ് (വെൽഫെയർ കേരള കുവൈത്ത്), സാദിഖ് ചെന്നാടൻ (കൾച്ചറൽ ഫോറം, ഖത്തർ), അബുലൈസ് എടപ്പാൾ (പ്രവാസി ഇന്ത്യ, യു.എ.ഇ), ശബീർ ചാത്തമംഗലം (പ്രവാസി സാംസ്‌കാരിക വേദി, ഈസ്റ്റേൺ പ്രൊവിൻസ്, സൗദി), സിറാജ് പള്ളിക്കര (സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്‌റൈൻ), അബ്ദുൽ അസീസ് വയനാട്, വഹീദ് സമാൻ ചേന്ദമംഗല്ലൂർ (പ്രവാസി വെൽഫെയർ ഫോറം, ഒമാൻ), ഖലീൽ പാലോട്, സാജു ജോർജ് (പ്രവാസി സാംസ്‌കാരിക വേദി, സെൻട്രൽ പ്രൊവിൻസ്, സൗദി), റഹീം ഒതുക്കുങ്ങൽ (പ്രവാസി സാംസ്‌കാരിക വേദി, വെസ്‌റ്റേൺ പ്രൊവിൻസ്, സൗദി) എന്നിവരും പ്രവാസി പ്രക്ഷോഭത്തിൽ സംസാരിച്ചു. 
അസ്‌ലം ചെറുവാടി സ്വാഗതവും യൂസുഫ് മൂഴിക്കൽ നന്ദിയും പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ യൂട്യൂബ് വഴി പ്രവാസി പ്രക്ഷോഭത്തിൽ പങ്കെടുത്തു.


 

Latest News