ബംഗളൂരു- കർണാടകയിലെ ഗുൽബർഗയിലും ബെൽഗാമിലുമായി രണ്ടാഴ്ചയായി തുടരുന്ന ദുരൂഹമായ കാർ കത്തലുകൾക്ക് പിന്നിൽ പ്രവർത്തിച്ച ഡോക്ടറെ പോലീസ് കയ്യോടെ പിടികൂടി. ഒരു മെഡിക്കൽ കൊളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ അമീത് ഗെയ്ക്ക് വാദാണ് ജനുവരി 17ന് രാത്രി പൊലീസ് പിടിയിലായത്. തീവയ്ക്കാനുള്ള വസ്തുക്കളുമായാണ് ഇദ്ദേഹത്തെ പിടികൂടിയത്. അർദ്ധരാത്രി തുടർച്ചയായി വിവിധയിടങ്ങളിർ കാർ കത്തിയ സംഭവങ്ങൾക്കു പിന്നിൽ ഇയാളാണെന്നാണ് ബലമായ സംശയം.
അർദ്ധരാത്രി 12നും പുലർച്ചെ മൂന്നിനുമിടയിലാണ് പലയിടത്തും നിർത്തിയിട്ട കാറുകൾ ദുരൂഹമായി കത്തിയത്. ഒരേ രീതിയിൽ ആവർത്തിച്ച ഈ സംഭവങ്ങളെ തുടർന്ന് പൊതുജനം ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് വിശ്വേശരയ്യ നഗറിൽ ഈ ഡോക്ടർ എത്തിയത് അവിടുത്തെ സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മറുപടികളിൽ സംശയം തോന്നിയ പോലീസ് അദ്ദേഹത്തിന്റെ കാറിൽ തിരച്ചിൽ നടത്തുകയും തീപിടിപ്പിക്കാനുപയോഗിക്കുന്ന ഇന്ധനവും തുണികളും കണ്ടെടുക്കുകയും ചെയ്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു ശേഷം കാറുകൾ കത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.