കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോട് ചേത്തടി ഭാഗത്ത് അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍ ഗോവിന്ദ്(20), കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരം. പരീക്ഷ കഴിഞ്ഞ ശേഷം തെന്മലയില്‍ വിനോദസഞ്ചാരത്തിന് പോയ ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. അഞ്ചു ബൈക്കുകളിലായാണ് പത്തംഗസംഘം യാത്ര പോയത്. ചെങ്ങമനാട് ഭാഗത്തു നിന്നും എതിരേ അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗ ഗോവിന്ദിന്റെ ബുള്ളറ്റിലേക്ക് ഇടിക്കുകയായിരുന്നു.
ഗോവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് കാര്‍. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗോവിന്ദിന്റെ മാതാവ് മഞ്ചു. സഹോദരന്‍: ഗോകുല്‍.






