തിരുവനന്തപുരത്ത് ലുലു മാള്‍ നിര്‍മാണം തടയണമെന്ന ഹരജി തള്ളി

കൊച്ചി-  തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.വി. ഭട്ടി, ബച്ചു കുരിയന്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍  ബെഞ്ച് തള്ളിയത്.
പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ.സലീമാണ് ഹരജി നല്‍കിയയത്. 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതിയാണുള്ളതെന്നും അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം എന്ന പരിധി മറികടന്നാണ് 2.32 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിനു അനുമതി നല്‍കിയെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. ഹരജിക്കാരന് ഇങ്ങനെയൊരു ഹരജി നല്‍കുന്നതിനു അര്‍ഹതയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിക്കേണ്ടതു ഗ്രീന്‍ ട്രിബ്യുണലിലായിരുന്നുവെന്നു ഈ ഹരജി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് തള്ളിയത്. മറ്റൊരു അതോറിറ്റി നിലവിലുള്ളപ്പോള്‍ ഹരജി ഹൈക്കോടതിക്ക് പരിഗണിക്കാനാവില്ലെന്നു ഉത്തരവില്‍ പറയുന്നു.

 

 

Latest News