Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫണ്ടില്ല, കോണ്‍ഗ്രസില്‍ ചെലവ് ചുരുക്കല്‍; എംപിമാര്‍ അര ലക്ഷം നല്‍കണം, യാത്ര ട്രെയ്‌നില്‍ മതി

ന്യൂദല്‍ഹി- പാര്‍ട്ടിക്ക് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാലും പരമാവധി പണം സ്വരൂപിക്കാനും കോണ്‍ഗ്രസ് ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി എംപിമാര്‍ എല്ലാ വര്‍ഷം 50,000 രൂപ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണം, വിമാന യാത്രകള്‍ക്ക് എംപിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തുക, ചെലവ് പാര്‍ട്ടിയില്‍ നിന്ന് കൈപ്പറ്റുന്നത് ഒഴിവാക്കുക, ദീര്‍ഘദൂര യാത്രകള്‍ക്ക് ചെലവ് കുറഞ്ഞ ട്രെയ്ന്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് നോതാക്കള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ചെലവ് പരമാവധി കുറയ്ക്കുകയും ഓരോ രൂപയും സ്വരൂപിക്കുകയുമാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സല്‍ പറഞ്ഞു. സെക്രട്ടറിമാര്‍ തൊട്ട് ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ള എല്ലാ നേതാക്കള്‍ക്കുമാണ് ചെലവ് ചുരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാര്‍ പ്രതിവര്‍ഷം പാര്‍ട്ടി ഫണ്ടിലേക്ക് അര ലക്ഷം രൂപ നല്‍കുന്നതിനു പുറമെ രണ്ടു പാര്‍ട്ടി അനുഭാവികളില്‍ നിന്ന് ഒരു വര്‍ഷം 4000 രൂപ വീതം പിരിച്ചെടുക്കണമെന്നും നിര്‍ദേശമുണ്ട്. 

സെക്രട്ടറിമാരോട് യാത്ര ട്രെയ്‌നിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയ്ന്‍ ലഭ്യമല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ആകാം. പാര്‍ലമെന്റ് അംഗങ്ങളായ ജനറല്‍ സെക്രട്ടറിമാര്‍ അവരുടെ യാത്രകള്‍ക്ക് എംപിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. 1400 കിലോമീറ്റര്‍ ദൂരം വരെയുള്ള യാത്രകളുടെ ട്രെയ്ന്‍ ടിക്കറ്റ് തുക എഐസിസി സെക്രട്ടറിമാര്‍ക്ക് നല്‍കും. 1400 കിലോമീറ്ററിലേറെ ദൂരം യാത്ര ചെയ്യേണ്ടവര്‍ക്ക് ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും പാര്‍ട്ടി നല്‍കും. ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റിനേക്കാള്‍ കൂടുതലാണെങ്കില്‍ മാത്രം മാസത്തില്‍ രണ്ടു തവണ വിമാന ടിക്കറ്റിനുള്ള പണം നല്‍കും- കോണ്‍ഗ്രസ് മെമോയില്‍ പറയുന്നു. 

കാന്റീന്‍, സ്റ്റേഷനിറി, വൈദ്യുതി, പത്രങ്ങള്‍, ഇന്ധനം തുടങ്ങിയ ചെലവുകള്‍ എഐസിസി ഭാരവാഹികള്‍ സ്വയം വെട്ടിക്കുറക്കണം. സെക്രട്ടറിമാരുടെ 12000 രൂപ അലവന്‍സും ജനറല്‍ സെക്രട്ടറിമാരുടെ 15000 രൂപ അലവന്‍സും വെട്ടിക്കുറക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. നേതാക്കള്‍ ഈ തുകകള്‍ അപൂര്‍വമായെ ഉപയോഗിക്കാറുള്ളൂ- ബന്‍സല്‍ പറഞ്ഞു.

ഭരണത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന്റെ ഫണ്ട് അതിവേഗം ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇലക്ടോറല്‍ ബോണ്ടുകള്‍ വഴി പാര്‍ട്ടിക്കു ലഭിക്കുന്ന സംഭാവനകളില്‍ 17 ശതമാനം ഇടിവാണ് 2019-20 സാമ്പത്തിക വര്‍ഷം ഉണ്ടായത്. 2018-19 വര്‍ഷം കോണ്‍ഗ്രസിന് 383 കോടി രൂപ ഇതുവഴി ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 318 കോടി രൂപയായി കുറഞ്ഞു. ഇതേകാലയളവില്‍ ബിജെപിയുടെ വരുമാനത്തില്‍ 76 ശതമാനം വര്‍ധനയാണുണ്ടായത്. വ്യക്തികള്‍ക്കും കോര്‍പറേറ്റു കമ്പനികള്‍ക്കും വിദേശ ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും രഹസ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. 2017ല്‍ ബിജെപി സര്‍ക്കാരാണ് ഈ സംവിധാനം കൊണ്ടുവന്നത്. സുതാര്യമല്ലാത്ത ഫണ്ട് എന്ന പേരില്‍ ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രംഗത്തുവന്നിരുന്നു. ഈ ബോണ്ട് വഴി ഏറ്റവും പണം വാരിക്കൂട്ടുന്നതും ബിജെപിയാണ്.

Latest News