പാലക്കാട്- മലമ്പാമ്പിനെ കൊന്ന് നെയ്യ് എടുത്ത കേസിലെ പ്രതിക്ക് ആറുമാസം തടവുശിക്ഷയും 3000 രൂപ പിഴയും വിധിച്ചു. വാളയാര്‍ പുതുേശ്ശരി ഈസ്റ്റ് സ്വദേശിയായ മുരുകനെ(68)യാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. മലമ്പാമ്പിനെ കൊന്ന് തൊലിയുരുച്ച് നെയ്യെടുക്കാനും ഇറച്ചിയാക്കാനുമുള്ള ശ്രമത്തിനിടയില്‍ മുരുകനെ വനംവകുപ്പുദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു. വന്യജീവിസംരക്ഷണ നിയമപ്രകാരം ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന ജീവികളിലൊന്നാണ് മലമ്പാമ്പ്.
വാളയാറില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തേക്കിന്‍തോട്ടത്തില്‍ വെച്ചാണ് മുരുകന്‍ അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ച് വനംവകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. കൊന്ന് തൊലിയുരിച്ച മലമ്പാമ്പിനെ കഷണങ്ങളാക്കി സംസ്‌കരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു മുരുകന്‍ അപ്പോള്‍. കത്തി വീശി നേരിട്ട പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ കോളജ് ഓഫ് ഫോറസ്റ്ററിയില്‍ വെച്ച് നടന്ന ഡി.എന്‍.എ പരിശോധനയില്‍ തോലുരിച്ച നിലയില്‍ കണ്ടത് മലമ്പാമ്പിന്റെ ശരീരഭാഗങ്ങളാണ് എന്ന് സ്ഥിരീകരിച്ചു.
പാലക്കാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.െജ.ജിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ കെ.ഗോപിനാഥന്‍, കെ.കെ.സാബു എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.