ജിദ്ദ - ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ കസ്റ്റംസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. കപ്പല്‍ വഴി ജിദ്ദ തുറമുഖത്ത് എത്തിയ ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ പതിനാറു ലക്ഷം ലഹരി ഗുളികകള്‍ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ ഒളിപ്പിച്ച ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തുകയും മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ പിടികൂടുകയും ചെയ്തതായി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. മയക്കുമരുന്ന് കടത്തുകളെയും മറ്റു കസ്റ്റംസ് നിയമ ലംഘനങ്ങളെയും കുറിച്ച് 1910 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം. മയക്കുമരുന്ന് കടത്തുകളെയും മറ്റും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കും. ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. ജിദ്ദ തുറമുഖം വഴി കൊക്കൊ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 87 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ കഴിഞ്ഞയാഴ്ച സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയിരുന്നു.