കോംഗോയില്‍ ഇന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണവും കൊള്ളയും

കിന്‍ഷാസ- ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ പൗരനായ വിദ്യാര്‍ത്ഥി ബെംഗളുരുവില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനു പിന്നാലെ കോംഗോയില്‍ ഇന്ത്യക്കാരുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കൊള്ളയും ആക്രമണവും അരങ്ങേറി. ഒരാഴ്ചയ്ക്കിടെ തലസ്ഥാനമായ കിന്‍ഷാസയില്‍ നിരവധി ഇന്ത്യക്കാരുടെ കച്ചവട സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു കോംഗോ പൗരന്‍കൂടി കൊല്ലപ്പെട്ടു എന്ന വ്യാജവാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് കിന്‍ഷാസയിലെ ലിമെതെയില്‍ വ്യാഴാഴ്ച ഇന്ത്യക്കാരുടെ കടകളും വെയര്‍ഹൗസുകളും ആക്രമിക്കപ്പെട്ടു. ഒരു കാര്‍ കത്തിക്കുകയും മൂന്ന് മറ്റ് വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടാകുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൊള്ളയ്ക്കും ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് യുവാക്കളാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട പല വസ്തുക്കളും പോലീസ് കണ്ടെടുത്തു. അതേസമയം ആര്‍ക്കെങ്കിലും പരിക്കേറ്റതായി പോലീസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല. 

മയക്കുമരുന്ന് കൈവശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിനാണ് ബെംഗളുരു പോലീസ് കോംഗോ വിദ്യാര്‍ത്ഥിയായ ജോയല്‍ മലുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ നെഞ്ചു വേദനയുണ്ടെന്ന് അറിയിച്ച ഉടന്‍ ജോയലിനെ ആശുപത്രിലെത്തിച്ചു. ഇവിടെ വച്ചു മരിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ജോയലിന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബെംഗളുരുവില്‍ നിരവധി ആഫ്രിക്കന്‍ പൗരന്മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇവര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. 

2016ല്‍ ദല്‍ഹിയില്‍ ഒരു കോംഗോ പൗരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആഫ്രിക്കന്‍ വംശജര്‍ വംശീയാക്രമണം നേരിടുന്നതായി ആഫ്രിക്കന്‍ നയതന്ത്ര പ്രമുഖര്‍ പരാതിപ്പെട്ടിരുന്നു.
 

Latest News