ന്യൂദല്‍ഹി- നാലു വയസ്സുള്ള മകന്‍ അയല്‍ വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുട്ടിയുടെ 33കാരിയായ അമ്മയെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുട്ടിയുടെ അമ്മയായ സാവിത്രി റാണയെ കത്തികൊണ്ട് തുരുതുരെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാവിത്രിയുടെ നാലു വയസ്സുകാരന്‍ മകന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അയല്‍ വീടിനു മുന്നില്‍ മൂത്രമൊഴിച്ചത്. ഇത് അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിലേക്ക് നയിച്ചു. നിസ്സാര പ്രശ്‌നത്തെ ചൊല്ലി വഴക്കിടേണ്ട എന്നു പറഞ്ഞ് മറ്റു അയല്‍ക്കാരും സമീപത്തെ കടക്കാരും ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെയാണ് ബുധനാഴ്ച രാത്രി അയല്‍വീട്ടിലെ പയ്യന്‍ സാവിത്രിയെ ആക്രമിച്ചത്. നിരവധിതവണ കത്തിക്കുത്തേറ്റ യുവതി വൈകാതെ മരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.