Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ഹെറാത്തും പിടിച്ചടക്കി; താലിബാൻ അഫ്ഗാന്റെ ഭരണമുന്നണിയിലേക്ക് 

കാബുൾ- അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചടക്കി. ഹെറാത്തിലെ പോലീസ് ആസ്ഥാനം താലിബാന്റെ കൈവശമാണെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ തലസ്ഥാനമായ കാബുളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നി ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ താലിബാൻ കാബുൾ പിടിച്ചടക്കുമെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനിടെയാണ് കാബുളിനോട് അടുക്കുന്നെന്ന് സൂചന നൽകി ഗസ്‌നി പിടിച്ചെടുത്തത്.
അതിനിടെ രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയാറാണെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ അറിയിച്ചതായി സൂചനയുണ്ട്. ഖത്തറിൽ നടന്ന സമാധാന ചർച്ചയിലാണ് സർക്കാർ പുതിയ ഉപാധി മുന്നോട്ടുവച്ചതെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തിന്റെ സുപ്രധാന പ്രവിശ്യകളെല്ലാം കയ്യടക്കി വച്ചിരിക്കുന്ന താലിബാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗസ്‌നി ഉൾപ്പെടെ 10 പ്രവിശ്യ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തത്. ഗസ്‌നി പിടിച്ചെടുത്തതോടെ അഫ്ഗാൻ തലസ്ഥാനത്തെ തെക്കൻ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു നിർണായക ഹൈവേയാണ് ഇല്ലാതായത്. കാബുൾ- കാണ്ഡഹാർ ഹൈവേയോടു ചേർന്നു കിടക്കുന്ന പ്രദേശമാണിത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവർണറുടെ ഓഫിസ്, പോലീസ് ആസ്ഥാനം, ജയിൽ എന്നിവ ഭീകരർ കീഴടക്കിയതായി പ്രവിശ്യാ കൗൺസിൽ തലവൻ നാസിർ അഹ്മദ് ഫഖിരി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം പൂർണമായും പിൻമാറിയതിനു പിന്നാലെ മെയിലാണ് അഫ്ഗാനിസ്ഥാനിൽ സംഘർഷം കനത്തത്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായതു അഫ്ഗാൻ സേനയെ കൂടുതൽ പ്രതിരോധത്തിലാക്കും. കാബുൾ നേരിട്ട് താലിബാന്റെ കൈവശം എത്തിയിട്ടില്ലെങ്കിലും ഗസ്‌നി നേടാനായത് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും കയ്യടക്കി വച്ചിരിക്കുന്ന താലബിന് കൂടുതൽ കരുത്ത് പകരും.
 

Latest News