മുംബൈ- ഡെല്‍റ്റ പ്ലസ് കൊവിഡ് 19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം മുംബൈയില്‍ രേഖപ്പെടുത്തി. ബിഎംസി റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ഡെല്‍റ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ മാസം, രത്‌നഗിരിയില്‍ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പുനൈയിലായിരുന്നു. മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഡെല്‍റ്റ പ്ലസ് പോസിറ്റീവ് സ്ഥിരീകരിച്ച നഗരത്തിലെ ഏഴ് രോഗികളില്‍ ഒരാളായിരുന്നു മരണപ്പെട്ടത്.
മുംബൈയില്‍ ഇന്ന് 281 പുതിയ കോവിഡ് കേസുകളും 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 15 മുതല്‍ ലോക്കല്‍ ട്രെയിനുകള്‍ പുനരാരംഭിക്കാനിരിക്കെ രോഗവ്യാപനത്തിലുണ്ടായ വര്‍ദ്ധനവും ഡെല്‍റ്റാ പ്ലസ് മരണവും ആശങ്കയുണ്ടാക്കുന്നതാണ്.
മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 6,388 പുതിയ കേസുകളും 208 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു. ജൂലൈ 31 ന് ശേഷം ആദ്യമായാണ് മരണസംഖ്യ 200 കടക്കുന്നത്.