Sorry, you need to enable JavaScript to visit this website.

പതിനേഴ് പേര്‍ മരിച്ച അഗ്നിബാധ; ദല്‍ഹിയില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍


ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഫാക്ടറിക്കു തീപിടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍. ഫാക്ടറിക്കകത്ത് അനധികൃതമായി പടക്കശാല പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്‌നെ പോലീസ് അറസ്റ്റു ചെയ്തത്.  വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ബവാനയില്‍ പടക്കനിര്‍മാണകേന്ദ്രത്തിലും പ്ലാസ്റ്റിക് ഫാക്ടറിയിലും ശനിയാഴ്ച വൈകിട്ടാണു തീ പടര്‍ന്നത്. 10 സ്ത്രീകളടക്കം 17 മരിച്ച അപകടത്തില്‍ ദല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്ലാസ്റ്റിക് ഫാക്ടറിയില്‍നിന്നാണ് 13 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പടക്കനിര്‍മാണ കേന്ദ്രത്തില്‍നിന്നു മൂന്നു പേരുടെയും ഭൂഗര്‍ഭ ഗോഡൗണില്‍നിന്ന് ഒരാളുടെയും മൃതദേഹം ലഭിച്ചു. രക്ഷപ്പെടാന്‍ കെട്ടിടത്തില്‍നിന്നു ചാടിയ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയിലാണ്.
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണു ഫാക്ടറിക്കു തീ പിടിച്ച വിവരം അഗ്‌നിശമനസേനക്ക് ലഭിച്ചത്. ഉടന്‍ 10 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്‌നിശമനസേന അറിയിച്ചു. ബവാന വ്യവസായമേഖലയില്‍ ഒട്ടേറെ ചെറുകിട നിര്‍മാണ യൂണിറ്റുകളുണ്ട്.

Latest News