Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഹറം ഉണർത്തുന്ന ചിന്തകൾ 


ദുൽഹജ് കഴിഞ്ഞ് മുഹറം മാസം ആരംഭിച്ചതോടെ ലോകം ഹിജ്‌റ വർഷം 1443 ലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കാലചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു പുതുവർഷത്തിന്റെ പ്രഭാതത്തിന് മറ്റേതൊരു പ്രഭാതത്തിനുമുള്ള സവിശേഷതകളല്ലാത്ത മറ്റൊന്നുമില്ല. ഒരു മാസം പിറവി കൊള്ളുമ്പോൾ മറ്റു മാസങ്ങളിൽ നിന്നും വിഭിന്നമായി മറ്റൊരു പ്രത്യേകതയും അതിനില്ല. ദിവസങ്ങൾക്കോ മാസങ്ങൾക്കോ വർഷങ്ങൾക്കോ, അവയെയെല്ലാം ഉൾക്കൊള്ളുന്ന കാലത്തിനോ പ്രത്യേകിച്ചൊരു സവിശേഷതയുമില്ല. മറിച്ച് മനുഷ്യന്റെ ചിന്തകൾക്കും കർമ്മങ്ങൾക്കും സമർപ്പണങ്ങൾക്കുമാണ് വൈശിഷ്ട്യമുള്ളത്.
'കാലമിനിയുമുരുളും, വിഷുവരും, വർഷം വരും, തിരുവോണം വരും, പിന്നെയൊരോ തളിരിനും പൂ വരും, കായ് വരും, അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം... അന്യോന്യം ഊന്നുവടികളായ് നിൽക്കാം, ഹാ! സഫലമീ യാത്ര.' പ്രസിദ്ധ കവി എൻ.എൻ കക്കാടിന്റെ വരികളിൽ പറയുന്ന പോലെ കാലം സഞ്ചരിക്കും; അതിനിടയിൽ പലതും കടന്നുപോകും. പരസ്പരം ഊന്നുവടികളായി മനുഷ്യർക്ക് മാറാൻ സാധിച്ചാൽ കാലമെന്ന യാത്ര സഫലമാകും. ഓരോ കാലങ്ങളിലും നടന്ന സംഭവങ്ങൾ പിന്നീട് വരുന്ന തലമുറകൾക്ക് പാഠമാകണം. ചരിത്രം മാനവസമൂഹത്തിന് സമ്മാനിക്കേണ്ടത് കേവല ദുഃഖമോ സന്തോഷമോ അല്ല; പ്രത്യുത നവോത്ഥാന ചിന്തകളാണ്. തെറ്റുകൾ ആവർത്തിക്കപ്പെടാതെ ശരികളിലൂടെ സഞ്ചരിക്കുവാനുള്ള അറിവുകളാണ് ചരിത്രത്തിലൂടെ മനുഷ്യർ നേടിയെടുക്കേണ്ടത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും മനുഷ്യരെ ശരിതെറ്റുകളെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ അവയാണ് സ്മരിക്കപ്പെടേണ്ടത്. 
മുഹറം മനുഷ്യരെ ഓർമ്മിപ്പിക്കുന്നത് എന്തെല്ലാമാണ്. ഹിജ്‌റ വർഷത്തിലെ ആദ്യത്തെ മാസമാണ് മുഹറം. ലോകം സൃഷ്ടിക്കപ്പെട്ട നാളുതൊട്ട് മനുഷ്യർ വർഷം കണക്കാക്കുന്നത് പന്ത്രണ്ട് മാസങ്ങളുടെ അടിസ്ഥാനത്തിലാണ്. ഖുർആൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.' (9:36). ലോകാരംഭം തൊട്ട് നിലനിൽക്കുന്ന കാലഗണന പന്ത്രണ്ടു മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് ഖുർആൻ ചൂണ്ടിക്കാണിക്കുന്നത്. 
രണ്ടാം ഖലീഫ ഉമർ ബ്‌നുൽ ഖത്വാബ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് മാസങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും വർഷം പറയുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ഒരിക്കൽ ഇറാഖിലെ ഗവർണർ അബൂ മൂസൽ അശ്അരി (റ) ഖലീഫയായിരുന്ന ഉമർ (റ) വിനെ ഒരു കാര്യം ബോധിപ്പിച്ചു. അതിങ്ങനെയായിരുന്നു.
'അമീറുൽ മുഅ്മിനീൻ, താങ്കളിൽ നിന്നും പലപ്പോഴായി ഞങ്ങൾക്ക് എഴുത്തുകൾ വരുന്നു. ചിലപ്പോൾ അതിൽ താങ്കൾ ശഅബാൻ എന്നെഴുതും. പക്ഷെ ഏത് ശഅബാൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലാവില്ല. ഈ വർഷത്തെയാണോ, അതോ കഴിഞ്ഞ വർഷത്തെയാണോ എന്നൊന്നും വ്യക്തമാവുന്നില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തുതരണം.'ഇതായിരുന്നു ഗവർണറുടെ അപേക്ഷ. 
ഉമർ (റ) പ്രമുഖരായ സ്വഹാബിമാരുമായി ചർച്ച നടത്തി. വർഷത്തിന്റെ കണക്കുകൾ എവിടെ നിന്ന് തുടങ്ങണമെന്നതായിരുന്നു പ്രധാനമായും അദ്ദേഹം അവരുമായി ചർച്ച ചെയ്തത്. ചിലർ പ്രവാചക ജനനത്തെ അടിസ്ഥാനമാക്കി വർഷം കണക്കാക്കാമെന്ന് നിർദ്ദേശിച്ചു. ചിലർ പ്രവാചകന്റെ മരണത്തെയാണ് നിർദ്ദേശിച്ചത്. ചിലർ വഹ്‌യ് ലഭിച്ച വർഷത്തെ നിർദ്ദേശിച്ചു. ഒടുവിൽ ഉമർ (റ) ആണ് പ്രവാചകന്റെ മദീനയിലേക്കുള്ള ഹിജ്‌റ മുതൽ ആരംഭിക്കണമെന്ന നിർദ്ദേശം വെച്ചത്. സത്യവും അസത്യവും വേർതിരിച്ച സംഭവമാണ് ഹിജ്‌റ എന്നായിരുന്നു അദ്ദേഹം അതിന് പറഞ്ഞ കാരണം. ഹിജ്‌റ പതിനേഴിലായിരുന്നു ഈ സംഭവം. ഏത് മാസത്തിലാണ് വർഷം ആരംഭിക്കേണ്ടതെന്ന ചർച്ചയും അദ്ദേഹം നടത്തി. ചിലർ റജബ്, റമദാൻ തുടങ്ങിയ മാസങ്ങൾ നിർദ്ദേശിച്ചു. അപ്പോൾ ഉഥ്മാൻ (റ) പറഞ്ഞു. മുഹറം ആണ് യോജിച്ചത്. ജനങ്ങൾ ഹജ് കർമ്മങ്ങളിൽ നിന്നും വിരമിച്ച് പുതിയ കാലത്തെ പ്രതീക്ഷിക്കുന്ന മാസമാണത്. ഉമർ, ഉഥ്മാൻ, അലി തുടങ്ങിയ ഖുലഫാഉകൾ ഇതേ അഭിപ്രായമാണ് മുന്നോട്ട് വെച്ചത് എന്നും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. (അവലംബം: ബുഖാരി 3934, ഫത്ഹുൽ ബാരി). 
ആശൂറാഅ് ദിവസം കൊണ്ട് പ്രസിദ്ധമാണ് മുഹറം. മുഹറം പത്തിനെയാണ് അങ്ങനെ വിളിക്കുന്നത്. ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ സ്വേച്ഛാധിപതി ഫിർഔൻ മുങ്ങി നശിച്ച ദിവസമാണ് ആശൂറാഅ്. പ്രവാചകൻ മൂസ (അ) യെയും അനുചരന്മാരെയും ഇസ്‌റാഈൽ സന്തതികളെയും കൊല ചെയ്തും അവരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയും അടക്കിവാണ ഫിർഔനിൽ നിന്നും അല്ലാഹു അവരെ സംരക്ഷിച്ച ദിവസമാണ് അത്. മുഹമ്മദ് നബി (സ) മദീനയിലെത്തിയപ്പോൾ മദീനയിലെ ജൂതസമൂഹം മുഹറം പത്തിന് വ്രതമനുഷ്ഠിക്കുന്നത് കണ്ടു. പ്രവാചകൻ അവരോട് ചോദിച്ചു: 'നിങ്ങളീ അനുഷ്ഠിക്കുന്ന നോമ്പ് എന്താണ്?' അവർ പറഞ്ഞു: 'ഈ ദിവസത്തിലാണ് അല്ലാഹു മൂസയെയും ജനതയെയും രക്ഷിച്ചത്. ഈ ദിവസമാണ് ഫിർഔനെയും കിങ്കരന്മാരെയും അല്ലാഹു മുക്കി നശിപ്പിച്ചത്. നന്ദിസൂചകമായി മൂസാ (അ) വ്രതമനുഷ്ഠിച്ചിരുന്നു. അതിനെ പിന്തുടർന്ന് ഞങ്ങളും വ്രതമനുഷ്ഠിക്കുന്നു. അതുകേട്ടപ്പോൾ തിരുദൂതർ പറഞ്ഞു: 'ഞങ്ങൾ നിങ്ങളെക്കാൾ മൂസയോട് ബന്ധപ്പെട്ടിരിക്കുന്നു.' അങ്ങനെ അദ്ദേഹം വ്രതമനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിനായി കല്പിക്കുകയും ചെയ്തു. (മുസ്‌ലിം 1130). 
അങ്ങനെ മുഹറം പത്തിലെ ആശൂറാഅ് നോമ്പ് വിശ്വാസികൾക്ക് നിർബന്ധമായി. ഹിജ്‌റ രണ്ടിൽ റമദാനിലെ നോമ്പ് നിർബന്ധമാക്കപ്പെടുന്നതുവരെ മുഹറം നോമ്പിന്റെ നിർബന്ധ സ്വഭാവം നിലനിന്നു. പ്രവാചകൻ നിര്യാതനാവുന്നതിന്റെ ഒരു വർഷം മുമ്പ് 'അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ മുഹറം ഒമ്പതിനും ഞാൻ വ്രതമനുഷ്ഠിക്കും' എന്ന് പറഞ്ഞിരുന്നു. എന്നാൽ പിറ്റേ വർഷം ആയപ്പോഴേക്കും പ്രവാചകൻ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. (മുസ്‌ലിം 1134). പ്രവാചകൻ ഒരു കർമ്മം ചെയ്തില്ലെങ്കിലും അത് ഉദ്ദേശിക്കുകയും അനുയായികളോട് പറയുകയും ചെയ്താൽ അത് പുണ്യകർമ്മമായി മാറി. അങ്ങനെ ഇസ്‌ലാമിക ലോകത്ത് മുഹറം ഒമ്പത്, പത്ത് ദിവസങ്ങൾ നോമ്പ് ഒരു പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമായി നിലനിൽക്കുന്നു. 
മുഹറം ഇസ്‌ലാമിലെ ഒരു ആഘോഷ ദിവസമോ മാസമോ അല്ല. മുഹറം ദുഃഖാചരണ മാസവുമല്ല. മറിച്ച്, അത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ലഭിച്ച മാസമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് സത്കർമ്മങ്ങളിലൂടെ നന്ദി കാണിക്കുക എന്നതാണ് വിശ്വാസികൾക്ക് ഈ മാസത്തിൽ ചെയ്യുവാനുള്ളത്. മുഹറം മാസത്തിൽ പ്രവാചകൻ പ്രത്യേക ചര്യയായി കാണിച്ചുതന്നിട്ടുള്ളത് 9 ,10 ദിവസങ്ങളിലെ നോമ്പ് മാത്രമാണ്. 'റമദാൻ കഴിഞ്ഞാൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹറം നോമ്പാണ്' (മുസ്‌ലിം 1163) എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. 'കഴിഞ്ഞ ഒരു വർഷക്കാലത്തെ പാപങ്ങൾക്കുള്ള പരിഹാരമാണ് ആശൂറാഇലെ നോമ്പ്' (മുസ്‌ലിം 1162) എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 
ഇസ്‌ലാമിൽ രണ്ടു ആഘോഷങ്ങളാണുള്ളത്. ഈദുൽ ഫിത്വ്‌റും ഈദുൽ അദ്ഹയും. മുഹറമിനെ ഒരു ഈദായി ഇസ്‌ലാം പരിഗണിച്ചിട്ടില്ല. ചില രാജ്യങ്ങളിൽ മുഹറമിനെ ഒരു ആഘോഷമായി കൊണ്ടാടുന്നവരുണ്ട്. അജ്ഞതയാണ് അതിനുള്ള കാരണം. ഹിജ്‌റ വർഷത്തിന്റെ പ്രാരംഭം ആയതുകൊണ്ട് പുതുവർഷാഘോഷം എന്ന നിലക്കോ 'ഈദുൽ ഉമർ' എന്ന പേരിട്ടുകൊണ്ടോ ആഘോഷിക്കാൻ ശ്രമിക്കുന്നവരുണ്ട്. ഹിജ്‌റ വർഷത്തിന് തുടക്കമിട്ടത് ഉമർ (റ) ആണെന്ന നിലക്കാണ് അതിനെ ഈദുൽ ഉമർ എന്ന് ചിലർ വിളിച്ചത്. എന്നാൽ പ്രവാചകന്റെയോ ഖലീഫമാരുടെയോ കാലങ്ങളിൽ ഇത്തരം സമ്പ്രദായങ്ങളില്ല. 
മുഹറമിനെ ദുഃഖസൂചകമായും അപശകുനമായും കരുതുന്നവരുണ്ട്. കർബലയിൽ വെച്ച് ഹുസൈൻ (റ) ദാരുണമായി കൊല്ലപ്പെട്ടത് ഹിജ്‌റ 61 മുഹറം പത്തിനായിരുന്നു.
ഈ സംഭവത്തെ ആധാരമാക്കിയാണ് മുഹറം പത്തിനെ ദുഃഖസൂചകമായും അപശകുനമായും ചിലർ ആചരിച്ചുവരുന്നത്. ചില വിഭാഗങ്ങൾ ശരീരമാസകലം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് ദുഃഖാചരണം നടത്തുന്നു. 'ഇന്നേ ദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.' (ഖുർആൻ 5:3) എന്ന ആയത്ത് അവതരിക്കപ്പെട്ട് മുഹമ്മദ് നബി (സ) യുടെ വിയോഗത്തോടെ ഇസ്‌ലാം പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അതിലേക്ക് യാതൊന്നും കൂട്ടിച്ചേർക്കുവാനോ അതിൽ നിന്ന് ഒഴിവാക്കുവാനോ ആർക്കും അധികാരമില്ല.
ഹുസൈൻ (റ) കൊല്ലപ്പെട്ട സംഭവം മുസ്‌ലിം ലോകത്തെ ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഹുസൈൻ (റ) വിനേക്കാൾ ഉന്നതരായ മഹാന്മാർ അതിന് മുമ്പ് മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ വിയോഗം റബീഉൽ അവ്വൽ മാസത്തിലാണ്. അതുകൊണ്ട് റബീഉൽ അവ്വൽ അപശകുനമായി ആരും കണ്ടില്ല. മാത്രമല്ല, പ്രവാചകന്റെ വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ദുഃഖം കടിച്ചമർത്തിയിരുന്ന സ്വഹാബിമാരോട് അബൂബക്ർ (റ) പറഞ്ഞ ഒരു വാചകമുണ്ട്. 'ആരെങ്കിലും മുഹമ്മദ് നബി (സ) യെ ആരാധിച്ചിരുന്നുവെങ്കിൽ മുഹമ്മദ് (സ) ഇതാ മരണപ്പെട്ടിരുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്.' (ബുഖാരി 1241).
ഉമർ (റ) വും ഉഥ്മാൻ (റ) വും വധിക്കപ്പെട്ടത് ദുൽഹജ് മാസത്തിലായിരുന്നു. അലി (റ) കൊല്ലപ്പെട്ടത് റമദാനിലായിരുന്നു. മുസ്‌ലിം ലോകത്തെ വളരെയധികം ദുഃഖത്തിലാഴ്ത്തിയ സംഭവങ്ങളായിരുന്നു അവയെല്ലാം. പക്ഷെ അതിന്റെ പേരിൽ ദുൽഹജ്, റമദാൻ മാസങ്ങളിൽ ദുഃഖാചരണം നടത്താനോ അവയെ അപശകുനമായി കാണാനോ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മുഹറം മാസത്തെയോ അതിലെ ഏതെങ്കിലും ദിവസങ്ങളെയോ അപശകുനങ്ങളായി കാണുന്നത് ശരിയല്ല. ഒരു ദിവസത്തിനും ശകുനപ്പിഴയില്ല. ശകുനങ്ങൾ മനുഷ്യർ സ്വയം സൃഷ്ടിച്ചെടുക്കുന്നതാണ്. വിശുദ്ധ ഖുർആനോ പ്രവാചക വചനങ്ങളോ ഒരിക്കലും ഏതെങ്കിലും മാസങ്ങളെ സംബന്ധിച്ച് അപശകുനമായി പറഞ്ഞിട്ടില്ല. അതേസമയം മുഹറം, റജബ്, ദുൽഖഅദ്, ദുൽഹജ് മാസങ്ങൾ പവിത്രമാണെന്നാണ് ഖുർആനും പ്രവാചക വചനങ്ങളും പഠിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല മുഹറമിനെ കുറിച്ച് 'ശഹ്‌റുല്ലാഹി' (അല്ലാഹുവിന്റെ മാസം) എന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞ മാസത്തെ അപശകുനമായി കാണാൻ വിശ്വാസികൾക്ക് പാടില്ലാത്തതാണ്. 
മുഹറം ആഘോഷത്തിന്റെ മാസമല്ല, ദുഃഖത്തിന്റെ മാസവുമല്ല. അതിനിടക്കാണ് അതിന്റെ സ്ഥാനം. അത് അനുഗ്രഹത്തിന്റെ മാസമാണ്. അങ്ങനെയാണ് മുഹമ്മദ് നബി (സ) സമുദായത്തെ പഠിപ്പിച്ചിട്ടുള്ളത്. പ്രസ്തുത മാസത്തിൽ അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി നിർദ്ദേശിക്കപ്പെട്ട പുണ്യകർമ്മങ്ങൾ നിർവഹിക്കുക എന്നതാണ് വിശ്വാസികൾക്ക് കരണീയമായിട്ടുള്ളത്. കാലം അന്ത്യദിനം വരെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതിനിടയിൽ പലതും സംഭവിക്കും. സംഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും ജീവിതത്തെ അല്ലാഹുവിന്റെ പ്രീതിക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുക. സന്തോഷങ്ങളിലും ദുഃഖങ്ങളിലും അല്ലാഹുവെ ഓർക്കുകയും അവന് നന്ദി കാണിക്കുകയും അവനിൽ ഭരമേല്പിക്കുകയും ചെയ്യുക. 

Latest News